അതിജീവനത്തിന്‍റെ പ്രതീകങ്ങളായ ചേക്കുട്ടി പാവകളെ ഏറ്റെടുത്ത് ഇന്‍ഫോപാര്‍ക്കും

നവകേരള നിര്‍മ്മാണത്തിന് ടെക്കികളുടെ സമര്‍പ്പണത്തിന്‍റെ പ്രതീകമായിട്ടാണ് ചേക്കുട്ടി പാവകളെ ദത്തെടുക്കുന്നത്. നൂറിലധികം ചേക്കുട്ടി പാവകളെ ഏറ്റെടുക്കുന്ന ടെക്കികള്‍ക്ക് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും അഭിനന്ദന പത്രവും ചേക്കുട്ടി പാവയും ലഭിക്കും.

പാവകളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേഷ് നായര്‍ മന്ത്രി എ സി മൊയ്തീന് ചേക്കുട്ടി പാവയെ കൈമാറി.

പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറി വ്യവസായത്തെ അതിജീവിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചേക്കുട്ടി പാവകളെ ടെക്കികള്‍ ദത്തെടുക്കുന്നത്.

ചെളിപുരണ്ട് വില്‍ക്കാന്‍ കഴിയാത്ത കൈത്തറി സാരികളില്‍ നിന്നാണ് ചേക്കുട്ടിയുടെ ജനനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ചേന്ദമംഗലം കൈത്തറിയ്ക്ക് ഉണ്ടായത്.

ഒരു സാരിയില്‍ നിന്നും 360 പാവകള്‍ വരെ നിര്‍മിക്കാന്‍ സാധിക്കും. ഒരു പാവയ്ക്ക് 25 രൂപയാണ് വില. പാവകളെ വിറ്റുകിട്ടുന്ന തുക പൂര്‍ണമായും ചേന്ദമംഗലം കൈത്തറി യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും.

പ്രളയാനന്തരം ദുരിതാശ്വാസ സാമഗ്രികള്‍ക്ക് പുറമേ ആറുകോടി രൂപ ഇന്‍ഫോപാര്‍ക്ക് കമ്പനികളും, ടെക്കികളും സംഘടനകള്‍ വഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയെന്ന് ഇന്‍ഫോ പാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ഏതാണ്ട് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ ജിടെക്ക് കമ്പനി 25 കോടി രൂപ നവകേരള നിര്‍മ്മാണത്തിനായി നല്‍കി. മുഖ്യമന്ത്രിയുടെ ഒരുമാസത്തെ സാലറി ചലഞ്ച് ടെക്കികള്‍ ഏറ്റെടുത്തതായി ഋഷികേശ് നായര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കിയ ഇന്‍ഫോപാര്‍ക്ക് കമ്പനികളെയും ടെക്കികളെയും മന്ത്രി എ.സി. മൊയ്തീന്‍ അഭിനന്ദിച്ചു.

നവകേരള നിര്‍മ്മാണത്തിന് ഇനിയും ഐടി കമ്പനികള്‍ സഹായം നല്‍കണം. ഇന്‍ഫോപാര്‍ക്ക് പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News