മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു; നടപടി പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് സംഘടനയ്ക്കെതിരെ കേസെടുത്തു.

കുറുവിലങ്ങാട് പൊലീസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നുമാണ് പരാതിയില്‍ പറയുന്നു.

ബലാത്സംഗ കേസുകളില്‍ അതിജീവിച്ചവരുടെ സ്വകാര്യത കര്‍ശനമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്
നിലനില്‍ക്കെയാണ് ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ട് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

തിരിച്ചറിയുന്ന വിധം ചിത്രം പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഫ്രാങ്കോ മുളയ്ക്കലുമായുള്ള കന്യാസ്ത്രീയുടെ ബന്ധത്തിന് തെളിവായിട്ടാണ് ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറുന്നതെന്നും ഉള്ള മുന്നറിയിപ്പോടെയാണ് ഇവര്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രത്തോടൊപ്പം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ മിഷനറീസ് ഓഫ് ജീസസ് പറയുന്നത്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താല്‍പ്പര്യ പ്രകാരം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്.

കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel