ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും വര്‍ധിച്ചു

ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന‌് 81.28 രൂപയായി; ഡീസലിന‌് 73.30 രൂപയും.

ഒരാഴ്ചയ‌്ക്കുള്ളിൽ പെട്രോളിന‌് 1.29 രൂപയും ഡീസലിന‌് 1.23 രൂപയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോളിന‌് 88.67 രൂപയും ഡീസലിന‌് 77.82 രൂപയുമായി.

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ എക്സൈസ് തീരുവയിൽ ഇളവ് വരുത്തരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രതിൻ റോയി പറഞ്ഞു. രൂപയുടെ മൂല്യം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എണ്ണവിലക്കയറ്റം, രൂപയുടെ ഇടിവ് എന്നിവ ചർച്ചചെയ്യാൻ പ്രധാനമന്ത്രി ശനിയാഴ്ച യോഗം വിളിച്ചിരിക്കെയാണ് ഈ അഭിപ്രായപ്രകടനം. ഡോളറിന‌് 71.84 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്.

71.52 എന്ന നിലയിലേക്ക് ഇടയ്ക്ക് സ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും ഇടിഞ്ഞ് 71.94 വരെയായി. ഒടുവിൽ 71.84ലേക്ക് എത്തുകയായിരുന്നു. ഇക്കൊല്ലം ഡോളറുമായി രൂപയുടെ വിനിമയനിരക്കിൽ 12 ശതമാനം ഇടിവാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here