കോൺഗ്രസ്സിന്റെ ഗ്രൂപ്പ്കളിയും നമ്പിനാരായണനും; സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് ശാസ്ത്രജ്ഞനായ നമ്പിനാരായണൻ. മൂന്ന് ദശകങ്ങളായുള്ള നീതിതേടിയുള്ള യാത്രയിൽ ആദ്യവിജയം നേടാനായെങ്കിലും ചിതറിത്തെറിച്ച ജീവിതം തുന്നിച്ചേർക്കാൻ ഈ ശാസ്ത്രജ്ഞനാവില്ല.

യുഡിഎഫ് ഭരണകാലത്തായിരുന്നു ചാരക്കേസിന്റെ ഉദ്ഭവം. മാധ്യമങ്ങൾ അക്കാലത്ത് ആഘോഷമാക്കുകയും ചെയ്തു. 1995 മാർച്ച് 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ കെ. കരുണാകരൻ നടത്തിയ പ്രസംഗം തൊട്ടടുത്ത ദിവസത്തെ പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ്.

”ഇതുപോലെ ചതിയന്മാർ ഉണ്ടാവില്ല. ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ ഇതുപോലെയുള്ള രാഷ്ട്രീയ നപുംസകങ്ങളെ ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറിനകം ഗവർണരെ കണ്ട് ഞാൻ എന്റെ രാജി സമർപ്പിക്കുകയാണ്. 110 കൊല്ലം ജനങ്ങളെ സേവിച്ച കോൺഗ്രസ്സിൽ ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല. ചരിത്രം ഇവർക്ക് മാപ്പുകൊടുക്കില്ല.

ജനങ്ങൾ ഇവരോട് പൊറുക്കില്ല.” ഇക്കാര്യം ‘പതറാതെ മുന്നോട്ട്’ എന്ന കരുണാകരന്റെ ആത്മകഥയിലും നമുക്കു വായിക്കാനാകും. ആരാണ് ആ ചതിയന്മാർ? ഉമ്മൻചാണ്ടി അടക്കമുള്ളവരാടെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.കെ. രാമചന്ദ്രൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി’ എന്ന രാമചന്ദ്രൻമാസ്റ്ററുടെ പുസ്തകത്തിൽ പറയുന്നത് നോക്കുക.

”ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ച കേസായിരുന്നു. ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. ഉമ്മൻചാണ്ടിയും ഒരു പത്രമുതലാളിയും ഒരു ആത്മീയ നേതാവും ഒരു ഉയർന്ന പോലീസുദ്യോഗസ്ഥനും ചേർന്നാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത്. കരുണാകരന്റെ രാജി ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളം നിരവധി പൊതുയോഗങ്ങൾ നടന്നു.”

ഉമ്മൻചാണ്ടി അന്നു നടത്തിയ പ്രസംഗം – ”കരുണാകരനെ കോൺഗ്രസ്സിനും ജനങ്ങൾക്കും ഇനിയും സഹിക്കാനാവില്ല. കോൺഗ്രസ്സിനെ രക്ഷിക്കാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്റെ രാജിയല്ലാതെ മറ്റൊരു മാർഗമില്ല.” മനോരമ തന്നെയാണ് മുൻപേജിൽ ഈ പ്രസംഗം വലിയ പ്രാധാന്യത്തോടെ അന്ന് പ്രസിദ്ധീകരിച്ചത്. തന്റെ പിതാവിനെ ചതിച്ചവർ ഇന്നും കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തുണ്ടെന്ന് സുപ്രീംകോടതി വിധിക്കുശേഷം പത്മജയുടെ പ്രതികരണവും വന്നു.

ചരിത്രം ഇവർക്ക് മാപ്പുകൊടുക്കില്ലെന്നായിരുന്നു കരുണാകരൻ 95ൽ പറഞ്ഞത്. സുപ്രീംകോടതി വിധി ഒരർത്ഥത്തിൽ ഈ ‘ചതിയന്മാർക്ക്’ നേരെയുള്ള അസ്ത്രമാണ്. അന്നത്തെ എ – ഐയായും മറിച്ചുമുള്ള വിധത്തിൽ ഗ്രൂപ്പ് സമവായങ്ങൾ മാറി. കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ ആദർശത്തിനുവേണ്ടിയല്ല. സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ്.

ഈ ഗ്രൂപ്പുകളിയിൽ മുഖ്യമന്ത്രി പദവി കരുണാകരന് നഷ്ടപ്പെടുകയും മറ്റു ചിലർക്ക് മുഖ്യനും മന്ത്രിമാരുമാകാൻ കഴിഞ്ഞെങ്കിലും താടിനീട്ടി വളർത്തിയ ശാസ്ത്രജ്ഞന് അതു മാത്രമായിരുന്നു നേട്ടം. അന്നത്തെ പോലീസ് നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

പോലീസ് കസ്റ്റഡിയിൽ അഞ്ചുദിവസവും സിബിഐ കസ്റ്റഡിയിൽ 45 ദിവസവും മാനസികവും ശാരീരികവുമായ പീഡനമേറ്റത് പൊറുക്കാൻ പോലും കഴിയാത്ത ഒന്നാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് 50 ലക്ഷം രൂപ സംസ്ഥാനം നഷ്ടപരിഹാരമായി നൽകണമെന്നും റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോടതി വിധിച്ചത്.

സർക്കാർ ഖജനാവിലെ പണം ജനങ്ങളുടെ പണമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഉണ്ടെങ്കിലും ജനങ്ങളുടെ മനസ്സിൽ നിന്ന് ഇടിമുഴക്കം പോലെ ഉയർന്നുവരുന്ന ചോദ്യം നഷ്ടപരിഹാരത്തുക നൽകാനുള്ള ധാർമ്മിക ബാധ്യത ആർക്കാണെന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News