തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജെഎന്‍യുവില്‍ വ്യാപക എബിവിപി അക്രമം; 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; സര്‍വകലാശാല അധികൃതര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ദില്ലി: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ വ്യാപക എബിവിപി അക്രമം.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി 12 ഓളം വിദ്യാര്‍ത്ഥികളെയാണ് എബിവിപിക്കാര്‍ അക്രമത്തിനിരയാക്കിയത്. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. സര്‍വകലാശാല അധികൃതര്‍ എബിവിപി അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ എബിവിപിക്കെതിരെ നിലപാടെടുത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അക്രമം.

കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളില്‍ 12ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അമര്‍ഷം എബിവിപിക്കാര്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളോടായിരുന്നു തീര്‍ത്തത്.

പുറത്തുനിന്നെത്തിയ ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ അക്രമത്തിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയ യൂണിയന്‍ പ്രസിഡന്റിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി. വധഭീഷണിയെതുടര്‍ന്ന് പോലീസ് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ പൊലിസ് തയ്യാറായില്ല.

ആയുധങ്ങളുമായി പുറത്തു നിന്ന് എത്തിയ ആര്‍എസ്എസ്‌കാരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.

അക്രമം നടത്തിയവര്‍ ഒളിച്ചു താമസിക്കുന്ന ഹോസ്റ്റലില്‍ പരിശോധന വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നിരാകരിക്കുകയായിരുന്നു സര്‍വകലാശാല അധികൃതര്‍. അക്രമികള്‍ക്കെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here