തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ നീല വസന്തത്തിന് തുടക്കമായി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങി.

ഹൈറേഞ്ചിൽ കാണുന്ന 40 ഇനം കുറിഞ്ഞികളിൽ പ്രധാനപ്പെട്ടതാണ് 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ന് ശേഷം രാജമലയിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്ത് തുടങ്ങിയതോടെ സഞ്ചാരികളുടെ വരവ് വർധിച്ചു.

രാജമലയിലെത്തുന്നവർക്ക് നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാനുള്ള അവസരവുമുണ്ട്. ഒരു ദിവസം 3500 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ 7.30 മുതൽ വൈകിട്ട് നാല് മണി വരെയാണ് സന്ദർശന സമയം.

75% ടിക്കറ്റ് ഓൺലൈനായും 25% ടിക്കറ്റ് മൂന്നാർ മേഖലയിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ വഴിയും ലഭ്യമാകും. സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്.