ബാര്‍ കോ‍ഴക്കേസ്: സത്യം പുറത്തുകൊണ്ടുവരാനുള്ള എല്ലാ വ‍ഴികളും വിജിലന്‍സ് പരിശോധിക്കണമെന്ന് എ വിജയരാഘവന്‍

ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. തെളിവുകള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ കേസ്‌ എഴുതിത്തള്ളണമെന്ന്‌ കാണിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

ഇങ്ങനെ കേസ്‌ എഴുതി തള്ളരുതെന്നും അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ്‌ എല്‍.ഡി.എഫിനു വേണ്ടി കണ്‍വീനര്‍ എന്ന നിലയില്‍ ഹര്‍ജി നല്‍കിയത്‌.

ഈ ഹര്‍ജിയെ സാധൂകരിക്കുന്നതാണ്‌ വിധി. സത്യം പുറത്തുകൊണ്ടുവരാന്‍ സാധ്യതയുള്ള എല്ലാ വഴികളും വിജിലന്‍സ്‌ പരിശോധിക്കണം. എല്‍.ഡി.എഫിന്‌ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടുകളാണുള്ളത്‌.

മതിയായ ഭൗതിക സാഹചര്യങ്ങളില്ലെന്ന്‌ പറഞ്ഞാണ്‌ 2014 ല്‍ യു.ഡി.എഫ്‌ 412 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കാതിരുന്നത്‌.

പിന്നീട്‌ ഇവയ്‌ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ ഭരണതലപ്പത്തുള്ളവര്‍ കാശിനായി ലേലം വിളിക്കുകയായിരുന്നു. കാശ്‌ കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തര്‍ക്കം മൂത്ത്‌ വിവാദമായപ്പോഴാണ്‌ ഒരു ബാറുടമ മാണിയ്‌ക്കെതിരെ രംഗത്തു വന്നത്‌.

അന്ന്‌ എല്‍.ഡി.എഫ്‌ നടത്തിയ ചരിത്രപരമായ പോരാട്ടത്തിനൊടുവിലാണ്‌ മാണിക്ക്‌ രാജിവെയ്‌ക്കേണ്ടി വന്നത്‌.
പിന്നീട്‌ മാണി യു.ഡി.എഫ്‌ വിട്ടപ്പോള്‍ ഒരു വശത്ത്‌ ബി.ജെ.പിയും മറുവശത്ത്‌ യു.ഡി.എഫും പിന്നാലെ നടന്നു.

അപ്പോഴും എല്‍.ഡി.എഫ്‌ ശക്തമായ നിലപാട്‌ സ്വീകരിച്ചു. മാണിയുടെ മുന്നണി പ്രവേശനമോ അനുബന്ധ കാര്യങ്ങളോ ചര്‍ച്ച ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന്‌ വ്യക്തമാക്കി.

അതേസമയം മാണിക്കും മറ്റ്‌ യു.ഡി.എഫ്‌ നേതാക്കള്‍ക്കുമെതിരെ ബാര്‍കോഴയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു.

ഇക്കാര്യത്തില്‍ സത്യസന്ധവും നിതീപൂര്‍വ്വകവും സുതാര്യവുമായ അന്വേഷണമാണ്‌ എല്‍.ഡി.എഫ്‌ ആവശ്യപ്പെടുന്നത്‌. കോടതി വിധിയോടെ ഇതിനുള്ള അവസരം ഒരിക്കല്‍ കൂടി ലഭിയ്‌ച്ചിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here