നവകേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന്: ഉജാല രാമചന്ദ്രൻ

കേരളത്തിന്റെ പുനർ നിർമ്മാണം സർക്കാർ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും അതിനായി ആഗോള മലയാളികളുടെ സഹായം വേണ്ടി വരുമെന്നും ജ്യോതി ലബോറട്ടറീസ് ചെയർമാൻ എം പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

പ്രകൃതി ദുരന്തം ആദ്യമായല്ല കേരളത്തിൽ ഉണ്ടാവുന്നതെന്നും, അപ്രതീക്ഷിതമായെത്തിയ ദുരന്തം നാടിനെ തകിടം മറിച്ചെങ്കിലും വിഷമഘട്ടത്തെ ഒറ്റകെട്ടായി നിന്നാണ് മലയാളികൾ നേരിട്ടതെന്നും രാമചന്ദ്രൻ പറഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കരുതലോടെയും ഐക്യത്തോടെയും നടപ്പാക്കി കേരളത്തെ ദുരിതക്കയത്തിൽ നിന്നും വീണ്ടെടുത്ത മുഖ്യമന്ത്രിയും കേരളാ സർക്കാരും പ്രതിപക്ഷവും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സമയോചിതമായ സഹായങ്ങളും കേരളത്തിന് തുണയായിരുന്നുവെന്ന് രാമചന്ദ്രൻ വ്യക്തമാക്കി.

കേരളത്തിൽ സംഭവിക്കുന്ന ഈ ദുരന്തം ഓരോ മലയാളിയും നെഞ്ചിലേറ്റി കഴിഞ്ഞുവെന്നും, പിറന്ന നാടിനുവേണ്ടി എന്ത് സഹായം ചെയ്യാനും എല്ലാ മലയാളികളും ശ്രമിക്കുന്നത് അഭിനന്ദനീയമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ലോക കേരള സഭയെന്ന ആശയം ഏറ്റവും ഫലവത്തായ സന്ദർഭമായിരുന്നു ഇതെന്നും ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജന്മനാടിനായി സഹായങ്ങൾ ഏകോപിക്കാൻ ഇവർക്കെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത സമയത്ത് നിരന്തരമായ ഇടപെടലുകളിലൂടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും ചെയ്ത പങ്കിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല.

ഭൂമിക്കു സംഭവിച്ച മാറ്റങ്ങളെ അപഗ്രഥിച്ചു ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകാനുണ്ടായ കാരണങ്ങളെ വിലയിരുത്തി വേണം കേരളത്തിന്റെ പുനരുദ്ധാരണമെന്നും മലയാളികൾ ഒറ്റകെട്ടായി നിന്നാൽ പഴയതിലും നല്ലൊരു കേരളത്തെ നിർമ്മിക്കുവാൻ കഴിയുമെന്നും രാമചന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സഹായം ചെയ്യുവാനും, ദുരിതമനുഭവിക്കുന്ന കേരളീയ ജനതയ്ക്ക് സഹായ ഹസ്തങ്ങൾ എത്തിക്കാനും മുന്നിലായിരുന്നു ജ്യോതി ലബോറട്ടറീസ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജ്യോതി ലാബോറട്ടറീസ് വകയായി 1 കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി 28,89537 രൂപയും നൽകിയിരുന്നു.

കൂടാതെ ദുരിതബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തിയാണ് ജ്യോതി ലാബ് ജോയിന്റ് മാനേജിങ് ഡയറക്ടർ ഉല്ലാസ് കമ്മത്തും സംഘവും കരുതലിന്റെ വൻ ശേഖരങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News