അസമിലെ അന്തിമ പൗരത്വപട്ടിക; പരാതികളും അപേക്ഷകളും ആഗസ്റ്റ് 25 മുതല്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി

അസമിലെ അന്തിമ പൗരത്വപട്ടിക തയ്യാറാക്കുന്നതിലെ പരാതികളും അപേക്ഷകളും ആഗസ്റ്റ് 25 മുതല്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി. പൗരത്വപട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്ക് കോടതി നിര്‍ദേശവും നല്‍കി.

ആഗസ്റ്റ് 25 മുതല്‍ 60 ദിവസം പൗരത്വപട്ടികയെച്ചൊല്ലിയുള്ള പരാതികളും അപേക്ഷകളും സ്വീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പൗരത്വപട്ടികയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് മാനദണ്ഡമായി നിശ്ചയിച്ച 15 രേഖകളില്‍ 10 രേഖകളെ മുന്‍നിര്‍ത്തി പരാതികള്‍ നല്‍കാം.

ഈ 10 രേഖകളെ ആധാരമാക്കി പരാതി സമര്‍പ്പിക്കുന്നവരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താം. ബാക്കിയുള്ള 5 രേഖകള്‍ കൂടി പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ആധികാരിക രേഖയാക്കണമോയെന്നത് സംബന്ധിച്ച് കോടതി ഒക്ടോബര്‍ 23 ന് നിലപാട് വ്യക്തമാക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വപട്ടികയെസംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിന് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ എന്‍ ആര്‍സി കോര്‍ഡിനേറ്ററോട് കോടതി ആവശ്യപ്പെട്ടു.

2 ലക്ഷം ഖൂര്‍കകള്‍ പട്ടികയില്‍ നിന്ന് പുറത്തായത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍,സംസ്ഥാന സര്‍ക്കാര്‍, എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് നോട്ടീസയക്കാനും കോടതി തീരുമാനിച്ചു.

പൗരത്വപട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി പൗരത്വപട്ടിക കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News