സ്പെയിനിലെത്തിയ റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ്; കണ്ണീരോടെ താരം മടങ്ങി; ക്രിസ്റ്റ്യാനോയ്ക്കിത് കരിയറിലെ ഒരിക്കലും ഉണങ്ങാത്ത മുറിവ്

യുവന്‍റസ് ജഴ്‌സിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ്. സ്പാനിഷ് ടീം വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്‌റ്റെല്ലയില്‍ റൊണാള്‍ഡോയെ കാത്തിരുന്നത് കരിയറിലെ ഒരിക്കലും ഉണങ്ങാത്ത മുറിവായി.

ചാംപ്യൻസ് ലീഗിൽ 154 മൽസരങ്ങൾ കളിച്ചിട്ടുള്ള താരം ആദ്യമായാണു ചുവപ്പുകാർഡ് കാണുന്നത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ (121) പേരിലുള്ള ക്രിസ്റ്റ്യാനോയെ അരങ്ങേറ്റക്കളിയിൽ തന്നെ നഷ്ടമായെങ്കിലും വലൻസിയയെ 2–0ന് തോൽപിച്ച് യുവെന്‍റസ് സ്വന്തം മൈതാനത്തെ രണ്ടാംപാദത്തിനു കച്ചമുറുക്കി.

മത്സരത്തിന്‍റെ 29-ാം മിനിറ്റില്‍ വലന്‍സിയയുടെ ബോക്‌സിനുള്ളില്‍ പന്തിനായുള്ള പോരാട്ടത്തിനിടയിലാണ് ക്രിസ്റ്റ്യാനൊ ദുരന്ത കഥയിലെ നായകനായത്. വലയന്‍സിയ ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറില്ലോ പോര്‍ച്ചുഗീസ് താരത്തിന്‍റെ കൈ ദേഹത്ത് തട്ടിയതുപോലെ അഭിനയിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

അടുത്തെത്തിയ റൊണാള്‍ഡോ എ‍ഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് മുറില്ലോയുടെ തലയില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും ഏറ്റുമുട്ടലിന്‍റെ വക്കിലെത്തി. സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

അത്രയൊന്നും ഗൗരവമല്ലാത്ത കൂട്ടപ്പൊരിച്ചിലിന്‍റെ പേരിൽ ജർമൻ റഫറി ഫെലിക്സ് ബ്രിച്ച് റെഡ് കാർഡ് ഉയർത്തിയപ്പോൾ പോർച്ചുഗീസ് താരം ഞെട്ടിത്തരിച്ചു. ലൈന്‍ റഫറിമാരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു റഫറിയുടെ തീരുമാനം.

തീരുമാനം മാറ്റാന്‍ റഫറിയുമായി കുറേ വാദിച്ചു നോക്കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി താരം ഗ്രൗണ്ട് വിട്ടു.

മൽസരത്തിൽ ഏറിയ പങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും വലൻസിയയ്ക്കെതിരെ വിജയം നേടാനായത് യുവെന്‍റസിന് ആത്മവിശ്വാസം പകരും. ബോസ്നിയൻ താരം മിരാലം ജാനിക് ആദ്യപകുതിയുടെ അവസാനവും (45) രണ്ടാം പകുതിയുടെ ആദ്യവുമായി (51) പെനൽറ്റിയിൽനിന്നു നേടിയ ഇരട്ടഗോളുകളാണ് യുവെന്‍റസിന് ആധികാരിക വിജയം സമ്മാനിച്ചത്.

അതേസമയം, റൊണാള്‍ഡോയ്ക്ക് ചുവപ്പുകാർഡ് നൽകിയതിനെതിരെ വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനമാണുയരുന്നത്. റെഡ് കാർഡ് നൽകാൻ മാത്രം വലിയ ഫൗളായിരുന്നില്ല ക്രിസ്റ്റ്യാനോയുടേതെന്ന് ഫുട്ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചുവപ്പ് കാര്‍ഡ് കണ്ട ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News