ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോയെ വിട്ടയച്ചു; നാളെയും വിളിച്ചുവരുത്തുമെന്ന് സൂചന

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കക്കലിന്‍റെ മൊ‍ഴികളില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് വ്യക്തമാക്കിയ വിവരങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ ശേഷം ഇന്ന് അന്വേഷിക്കുമെന്നും എസ്. പി ഹരിശങ്കര്‍. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുന്നുണ്ടെന്നും അറസ്റ്റിന് നിയമ തടസ്സമില്ലെന്നും എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി.

നാളെ രാവിലെ 10 ന് ഫ്രാങ്കോ മുളയ്ക്കലിനോട് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എസ്. പി.

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ബിഷപ്പിന്റെ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പച്ചക്കള്ളമാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്തത്.

അതേസമയം, ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്നും നീക്കി. പകരം ചുമതല ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി. മുംബൈ അതിരൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം.

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here