കന്യാസ്ത്രീ പീഡനം; പ്രസംഗം വളച്ചൊടിച്ച് കോടിയേരിക്കെതിരെ വ്യാജപ്രചാരണം; കോടിയേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ത്‌; വീഡിയോ കാണാം

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീകൾ നടത്തുന്ന സമരത്തെ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അധിക്ഷേപിച്ചുവെന്ന വ്യാജവാർത്താ പ്രചരണം .

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും കുറ്റവാളികൾ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്നും വ്യക്‌തമാക്കിയ പ്രസംഗം വളച്ചൊടിച്ചാണ്‌ കോടിയേരിക്കെതിരെ വ്യാജപ്രചരണം.

എന്താണ്‌ കോടിയേരി പ്രസംഗിച്ചതെന്നുള്ള വീഡിയോ പൂർണമായും കയ്യിലുണ്ടായിട്ടും മാധ്യമങ്ങൾ വ്യാജപ്രചരണം തുടരുകയാണ്‌. എന്താണ്‌ കോടിയേരി പറഞ്ഞത്‌…വീഡിയോ കാണാം.

പ്രസംഗം ചുവടെ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ ഇന്ത്യയിലെ മറ്റ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ആരായാലും, എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കും. അത് പള്ളീലച്ഛനായാലും തന്ത്രിയായാലും മുക്രിയായാലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല.

കൊട്ടിയൂരില്‍ സ്ത്രീകളെ പീഡിപ്പിച്ച പുരോഹിതന്‍ ജയിലഴിക്കുള്ളിലായി. രാജ്യം വിടാനുള്ള ഇയാളുടെ ശ്രമത്തെയും പരാജയപ്പെടുത്തിയായിരുന്നു അറസ്റ്റ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീയെ പീഢിപ്പിച്ച പുരോഹിതന്‍മാരും നിയമത്തിന്റെ പിടിയിലായി. ഏത് പ്രശ്‌നത്തിലായാലും ഇരയ്‌ക്കൊപ്പമെന്ന സമീപനമാണ് ഇടതുപക്ഷത്തിന്റേത്.

ജലന്ധര്‍ ബിഷപ്പിനെതിരെ നാലുവര്‍ഷം മുമ്പ് യുഡിഎഫ് ഭരണക്കാലത്ത് നടന്ന സംഭവമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മാത്രമേ അതില്‍ പരാതികൊടുക്കാന്‍ സാധിച്ചുള്ളൂ. ആക്ഷേപങ്ങള്‍ക്കു പിന്നാലെയല്ല സര്‍ക്കാര്‍ പോകുന്നത്. ഏത് പ്രശ്‌നമായാലും തെളിവുകള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. ഇതിന്മേല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായി നടത്തുന്ന പ്രചാരവേല ശരിയല്ല. സര്‍ക്കാരിന്റെയും സിപിഐ എമ്മിന്റെയും നിലപാട് ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ്. ഒരാളെ തെറ്റായി കേസില്‍ പെടുത്താനോ പ്രതിസ്ഥാനത്തുനിന്നും ഇല്ലാതാക്കാനോ സിപിഐ എം ഒരിക്കലും ഇടപെടുകയില്ല. അതേ സമീപനമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തിലുമുള്ളത്.

ഒരു കേസില്‍ ഒരാള്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ അയാള്‍ കുറ്റവാളിയാണെന്ന് കോടതിയില്‍ സ്ഥാപിക്കണ്ടത് അന്വേഷണസംഘത്തിന്റെ ചുമതലയാണ് . അത് സ്ഥാപിക്കുന്നതിനുവേണ്ടി ആവശ്യമായ തെളവുകള്‍ ശേഖരിക്കണം. അതുകൊണ്ടാണ് അറസ്റ്റാണോ അതോ ശിക്ഷയാണോ വേണ്ടതെന്ന് ഹൈക്കോടതി തന്നെ ചോദിച്ചത്.

അതിനായി വരുന്ന കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാന്‍ അവസരം പാര്‍ത്തിരുന്ന ചിലയാളുകള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. അതിന് വസ്തുതകളുമായി യാതൊരു ബന്ധവുമില്ല. അന്വേഷത്തോട് സഹകരിക്കുന്നതിനു പകരം അത് തടസ്സപ്പെടുത്തുന്ന വിധം പ്രവര്‍ത്തനമാണ് ചിലര്‍ ചെയ്യുന്നത്.

ഇവിടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് രംഗത്തിറങ്ങുന്നവര്‍ ആലോചിക്കേണ്ട ഒന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സ്ത്രീയെ പീഡിപ്പിച്ച നിരവധി സംഭവങ്ങളാണ് കമീഷന്‍ ചൂണ്ടിക്കാട്ടിയത്. ഒരു സ്ത്രീയുടെ പരാതി തന്നെയാണല്ലോ അവിടെയും ഉന്നയിക്കപ്പെട്ടത്. ആ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്യുകയാണോ സര്‍ക്കാര്‍ ചെയ്‌തത്. റിപ്പോര്‍ട്ട് സംബന്ധിച്ച പരിശോധന നടത്തുകയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്.

ആ നടപടികള്‍ നീണ്ടുപോകുന്നതിനെ സംബന്ധിച്ച് മൗനം പാലിക്കുകയും സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന സംഭവങ്ങളുപയോഗിച്ച് കോലാഹലം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ശരിയായ സ്ത്രീ സമീപനമാണോ സ്വീകരിക്കുന്നത്. സ്ത്രീപീഡന പരാതികളെ പോലും രാഷ്ട്രീയപ്രചരണമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here