കല്‍ബുര്‍ഗി അഥവാ ഗുൽബർഗയിലേക്കുള്ള ഒരു ചരിത്രയാത്ര; ജിയോളജിസ്റ്റ് ജിതേഷ്കുമാര്‍ നെടുമുറ്റത്തിന്‍റെ യാത്രാനുഭവം വായിക്കാം

കല്‍ബുര്‍ഗി അഥവാ ഗുൽബർഗയിലേക്കുള്ള ഒരു ചരിത്രയാത്ര. ജിയോളജിസ്റ്റ് ജിതേഷ്കുമാര്‍ നെടുമുറ്റത്തിന്‍റെ യാത്രാനുഭവം വായിക്കാം

അപ്രതീക്ഷിതമായി കിട്ടിയ അവധി. പ്രിയതമയെ കാണണം എന്ന ആഗ്രഹത്തിൽ കൊടുത്ത ലീവ് അപേക്ഷ അനുവദിച്ചു തന്നിരിക്കുന്നു ഏമാൻ.

രണ്ടു മാസമായി വീട്ടിൽ പോയിട്ട്. കയ്യിലെ കാശും പൊടിഞ്ഞു തീർന്നു. ഇനി എന്ത്, എങ്ങനെ എന്ന ആലോചനയിൽ നില്കുമ്പോളാണ്, എന്ന അണ്ണാ കൊഞ്ചം ഗൗരവം അയിര്‌ക്കെ എന്നും ചോദിച്ച് അവൻ വന്നത്. കക്ഷി, കാർത്തികേയൻ, എന്നുടെ തമ്പി/നന്പൻ. ഊര് തിരുനെൽവേലി, ഉടമ്പു കൊഞ്ചം ഒള്ളി, കളറ്, മാവട്ട കളറ്.

പണമാണ് പ്രോബ്ലം എന്ന്‌ മനസ്സിലാക്കിയപ്പോളേക്കും, അതെല്ലാം വിട്, നീങ്ക കലമ്പരുതുക് ഏർപ്പാട് പണി വെയ്യെന്നു കക്ഷി.
നാഗ്പുർ -ഹൈദ്രബാദ് ഇൻഡിഗോയിൽ അടുത്ത ദിവസത്തെ ടിക്കറ്റ്എടുത്തപ്പോളെക്കും മൊബൈലിൽ മെസ്സേജ്, 230ഇന്ത്യൻ റുപ്പീസ് ബാലൻസ് !

രാവിലെ തന്നെ 5000രൂപ യുമായി ചിരിച്ച മുഖത്തോടെ തമ്പി വന്നു വിളിച്ചു.
നേരെ നാഗ്പുർക്കു ബസുകയറി. 6മണിക്കാണ് ഫ്ലൈറ്റ്. 7.30ന് ഹൈദ്രബാദ് എത്തി. ഇനി വെളിയിൽ പോയാലും വല്യ കാര്യമില്ലെന്നു തോന്നിയത് കൊണ്ട് ഇന്ന് ഇവിടെ തന്നെ കഴിയാമെന്നു കരുതി ഇരുന്നും നടന്നും ഇരുന്നുറങ്ങിയും നേരം വെളുപ്പിച്ചു.

നേരം ഇരുട്ടിവെളുക്കുന്നത്‌ വാച്ചിൽ നോക്കുമ്പോൾ മാത്രമാണല്ലോ മനസ്സിലാകുക ഇവിടങ്ങളിൽ.
6മണിയോടെ ഒരു cab പിടിച്ച് നേരെ ഹൈദ്രബാദ് മഹാത്മാഗാന്ധി ബസ്‌ സ്റാൻഡിലോട്ട് വിട്ടു.
യാദ്ഗിർ ന് വണ്ടി അന്വേഷിച്ചപ്പോൾ അറിഞ്ഞു ഇവിടെ നിന്നും നേരിട്ട് ബസ് ഇല്ലെന്നു.

ഹൈദരാബാദിൽ നിന്നും എപ്പോളും ബസ്‌ ഉണ്ടെന്നു പറഞ്ഞ് പറ്റിച്ച പ്രിയതമയെ രാവിലെ തന്നെ പത്തു ചീത്ത വിളിക്കണം എന്നോർത്ത് കാൾ ചെയ്തപ്പോൾ അവളുടെ മറുപടി. നേരിട്ട് ഇല്ലെങ്കിൽ അടുത്ത ഏതേലും സ്ഥലത്തേക്ക് ഉള്ള ബസ്സ്‌ നോക്ക് മനുഷ്യ എന്ന്‌. ഉറക്കം നഷ്ടപെടുത്തിയതിന്റെ ദേഷ്യം.

എന്തായാലും എന്റെ വരവിനെ കുറിച്ച് വല്യ ആശങ്ക കാണാത്തതിനാൽ ഞാനും സന്തോഷിച്ചു. എപ്പോളെങ്കിലും എങ്ങനെങ്കിലും എത്തിയാൽ മതീലോ എന്ന ചിന്ത എനിക്ക് ആശ്വാസം തന്നു.
യാദ്ഗിർ ന് നേരിട്ടില്ലെങ്കിലും ഹുസ്നാബാദിനു ബസ്‌ ഉണ്ട്. അവിടെ ചെന്നാൽ യാദ്ഗിർ ബസ്‌ എപ്പോളും ഉണ്ടെന്ന് ഇൻഫർമേഷൻ കൗണ്ടറിലെ സാറ് പറഞ്ഞു.
ഹുസ്നാബാദ് എങ്കിൽ ഹുസ്നാബാദ്..

തെലുഗിലും കുഞ്ഞക്ഷരത്തിൽ ഹിന്ദിയിലും,കന്നടയിലും ഹുസ്നാബാദ് എന്നെഴുതിയ ബസ്‌ കണ്ട് പിടിച്ചു. സംശയം തീർക്കാനായി കണ്ടക്ടറോട് ഹിന്ദിയിൽ ചോദിച്ചു ഹുസ്നാബാദ് ജായേഗാ ക്യാ ഗാഡി.

ഹൻജി, ചലിയെ,ബൈട്ടിയെ, വടിവൊത്ത ഹിന്ദിയിൽ അയാൾ മറുപടി പറഞ്ഞു. ആദ്യത്തെ സീറ്റ് തന്നെ കിട്ടി. ഡ്രൈവറോടൊപ്പം റോഡ് കാണാവുന്ന ആദ്യ സീറ്റ്. ഒന്ന് കൺഫോം ചെയ്തതിനു ശേഷമാണു ആ സീറ്റ് തിരഞ്ഞെടുത്തത്. ഇടയിൽ എഴുനേൽക്കാൻ പറഞ്ഞാലോ എന്ന പേടി.

ഡ്രൈവറും കണ്ടക്റ്ററും എന്നോട് നല്ല സഹകരണം.ഡ്രൈവറാണെങ്കിൽ തെലുഗു പറഞ്ഞു പറഞ്ഞു മടുത്തു, ഹിന്ദിയിൽ സംസാരിക്കാൻ വെമ്പൽ കൊള്ളുന്ന ആളും. ഞാൻ പെട്ടു.. ഇവ്ട്ന്നാണ് വരണതെന്നും, ജോലി, മറ്റ് കാര്യങ്ങളും ചോദിച്ച് യാത്ര മുഴുവനും സംസാരം.
നല്ല പണ്ഡിതനാണ് കക്ഷി എന്ന്‌ തോന്നുന്ന സംസാരം.

കാലവും ചരിത്രവും കൈവെള്ളയിൽ അമ്മാന മാടുകയാണ് കക്ഷി..വർത്തമാനകാലത്തു ജീവിക്കാൻ പുള്ളിക്ക് ഇഷ്ടമില്ലെന്നു സംസാരം കേട്ടാൽ അറിയാം. ഇനിക്കും ഇശ്ശി ഇഷ്ടപ്പെട്ടൂ..
നിറയെ വരണ്ടുണങ്ങി കിടക്കുന്ന കൃഷി സ്ഥലങ്ങൾ. മാസം മാർച്ച്‌ മാസം. നല്ല പൊള്ളുന്ന വെയിൽ.വണ്ടി നിറയെ സാധാരണ കാരായ മനുഷ്യർ.

വിയർപ്പിന്റെ മണമുള്ള ശരീരങ്ങൾ. വെളുത്ത വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപെടുന്ന മണ്ണിന്റെ മണമുള്ള കർഷകർ. പലരുടേതും വെളുപ്പിനും ചുവപ്പിനും ഇടയിലുള്ള നിറങ്ങളായി മാറിയിരിക്കുന്നു.കൊട്ടകളും വട്ടികളുമായി, തലനിറയെ ജമന്തിയും മുല്ലയും കൊണ്ട് കൊരുത്ത മാലയുമായി ഇവരുടെ ഒക്കെ പ്രിയതമകൾ.

കണ്ണുകളിൽ ഒട്ടും ഓജസ്സില്ലാത്തവരാണ് നമ്മുടെ കർഷകർ പലരും. ദാരിദ്ര്യത്തിന്റെ, ചൂഷണത്തിന്റെ ഇടയിൽ സ്വയം തന്റെ ശരീരം കാത്തു വെക്കാതെ വയറിന്റെ വേവലുകളിൽ ഉണങ്ങി പൊടിഞ്ഞു പോയ മനുഷ്യർ.

ഉഷ്ണം കൊണ്ട് വയ്യാത്ത അവസ്ഥ. ചൂട് കാറ്റടിച്ചു മുഖം പൊള്ളുന്നു. ചുണ്ടും വരണ്ടുണങ്ങുന്നു. ഇടക്കിടക്ക് വെള്ളം കുടിച്ച് ഇരുന്ന ഞാൻ അറിയാതെ എപ്പോളോ ഉറങ്ങി പോയി.
വണ്ടി വഴിയിലെവിടെയോ ഊണ് കഴിക്കാൻ നിറുത്തി. എനിക്ക് വിശപ്പ് ഇല്ലായിരുന്നു. ഡ്രൈവർ പറഞ്ഞു ഒരു ടവൽ നനച്ചു പിടിച്ചോളൂ, ഇടയ്ക്കിടെ മുഖം തുടക്കാൻ.

യാത്ര തുടരുകയാണ് ഇനി അതികം ദൂരമില്ല.
ഉഷ്ണക്കാറ്റ് അടിച്ച് കയറുകയാണ്. ബസ്‌ നല്ല സ്പീഡിലായിരുന്നല്ലോ. ചില്ലു ജാലകങ്ങൾ മിക്കവാറും അടച്ചു തന്നെ യാണ് എല്ലാവരും ഇരിക്കുന്നത്‌.
2അര മണിയോടെ ഹുസ്നാബാദിൽ എത്തി ബസ്‌. യാദ്ഗിർ നുള്ള വണ്ടി നിർത്തുന്ന പ്ലാറ്റ്‌ ഫോം കാണിച്ചു തന്നു ആ നല്ല മനുഷ്യൻ. അല്പം തിരക്കുള്ള ബസ്‌ സ്റ്റാൻഡ്. വലിയ വൃത്തി ഒന്നും ഇല്ല. മുറുക്കി തുപ്പിയ അടയാളങ്ങൾ നിറഞ്ഞ ചുമരുകൾ.

എനിക്കാണെങ്കിൽ ഒരു വലിയ ട്രാവൽ ബാഗ് ഉണ്ട് ചുമക്കാൻ. പ്രിയപ്പെട്ടവളെ കാണാൻ പോകുമ്പോൾ, അവളുടെ ഇഷ്ടം നേടിയെടുക്കാൻ കൊണ്ടുപോകുന്ന സമ്മാനങ്ങൾ അല്ല അത് നിറയെ. ഒരുമാസം ആയി ഉപയോഗിച്ച്, അഴുക്കായി, അലക്കാൻ ഉള്ള ജീൻസും, ഷർട്ട്‌ കളും ആയിരുന്നു.. ആ ഭാരം ഞാൻ ചുമന്നല്ലേ പറ്റൂ..

നാല് മണിക്ക്, യാദ്ഗിർ ബോർഡ് വെച്ച ബസ്‌ വന്നപ്പോൾ തന്നെ ഞാൻ റെഡി ആയി, സുന്ദർ (സുന്ദർ ഗൗഡ, അതായിരുന്നു ആ ഡ്രൈവറുടെ പേര് )എന്നെ തിരഞ്ഞു വന്നു.ബസ്‌ വന്നിട്ടുണ്ടെന്ന് പറയാൻ. അതെ ഇരിപ്പിടം, മുന്നിലെ സീറ്റ്‌ എനിക്ക് വാങ്ങി തന്നു ആ നല്ല മനുഷ്യൻ.

അയാൾക്കറിയാമായിരിക്കും ഈ ഭാരം ചുമന്നു ഇടി കൂടി ഒരു സീറ്റ് തരപ്പെടുത്താൻ എനിക്കാവില്ലെന്നു. സന്തോഷപൂർവം അയാളോട് വിട പറഞ്ഞ് വീണ്ടും അടുത്ത യാത്ര. ലക്ഷ്യം യാദ്ഗിർ.

ഇപ്രാവശ്യം അല്പം ഗൗരവക്കാരനായ ഡ്രൈവർ ആണ് വണ്ടി ഓടിക്കുന്നത്. എന്നെയും, ആരെയും മൈൻഡ് ചെയ്യാതെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരാൾ.ഞാനും ശല്യം ചെയ്യാൻ പോയില്ല.
ഇപ്പോൾ ഉഷ്ണക്കാറ്റിന്‌ അല്പം ശമനം തോന്നി തുടങ്ങി. പുറത്തേക്കു നോക്കുമ്പോൾ നിഴലടിഞ്ഞ വെളിച്ചത്തിൽ നിരപൊത്ത കൃഷി ഇടങ്ങൾ. അതിനിടയിലൂടെ ധീർഘമായി പോകുന്ന ടാറിട്ട കറുത്ത റോഡ്. കിലോമീറ്ററോളം ജനവാസമില്ലാത്ത- കൃഷിയിടങ്ങൾക്കിടയിലൂടെ നീണ്ടു നിവർന്നു പരന്നൊഴുകുന്ന മനോഹരമായ റോഡ്.

തണുത്ത കാറ്റ് പതിയെ പതിയെ അരിച്ചു കയറുന്ന സുഖമറിഞ്ഞ നിമിഷത്തിൽ ഉന്തി തള്ളി മാറ്റി ഞാൻ എന്റെ അരികിലെ ചില്ലു ജാലകം. പുറത്തേ ചുവന്ന ആകാശത്തിനു കീഴിൽ തണുപ്പിന്റെ മേലാട ചാർത്താൻ തുടങ്ങുന്നു പ്രകൃതി. എത്ര പെട്ടെന്നാണ് ഈ മാറ്റങ്ങൾ എന്ന്‌ അത്ഭുതം കൂറി ഞാനിരുന്നു.

ഇടക്ക് പ്രിയതമയുടെ കാൾ വന്നു. ഏകദേശം ഞാൻ എത്താറായെന്നു പറഞ്ഞപോൾ ok ഞാൻ വണ്ടിയും കൊണ്ട് വരാമെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ആറുമണിയോടെ ഞങ്ങൾ യാദ്ഗിർ എത്തി.

ഞാൻ എത്തുന്നതിനു മുൻപേ അവൾ എത്തി യിരുന്നു.
ആദ്യമായാണ്‌ അവളോടൊപ്പം, അവളുടെ ഔദ്യോഗിക വാഹനത്തിൽ ഒരു യാത്ര. 86മോഡൽ ജീപ്പ്. വെളുത്ത ഇംഗ്ലീഷ് അക്ഷരത്തിൽ ഗോവെര്മെന്റ് ഓഫ് ഇന്ത്യ എന്നെഴുതി ചേർത്തിട്ടും അതും പോരാഞ്ഞിട്ട് ഭാരത് സർക്കാർ എന്ന്‌ ഹിന്ദിയിലും എഴുതിച്ചിരിക്കുന്നു അവളുടെ പ്രിയ ഡ്രൈവർ.

ഞാൻ ഒരിക്കലും കണ്ടിട്ടില്ല എങ്കിലും ഒരുപാട് പറഞ്ഞ് കേട്ട ആ മനുഷ്യനെ എനിക്കും ഇഷ്ടമായിരുന്നു. സർ ആയിയെ, ബൈട്ടിയെ സാംനെ. മാഡം ആപ് പീച്ചേ ബൈട്ടിയെ.
അടിപൊളി, ഇതിൽ പരം ആനന്ദം എന്ത് വേണ്ടൂ. എനിക്കും പെരുത്തിഷ്ടായി.

മോഡൽ 86ഉം ഓടിക്കുന്നയാൾ 56മോഡൽ ആണെങ്കിലും സ്പീഡിന് ഒരു കുറവും ഇല്ലായിരുന്നു. എൻജിൻ കരഞ്ഞു വിളിച്ച് പ്രാകുന്ന ശബ്ദം ചെവിയോർത്താൽ കേൾക്കാവുന്ന അവസ്ഥ. സഹികെട്ടപ്പോൾ പേടിയോടെ അവൾ പറഞ്ഞു മഞ്‍ജപ്പ അല്പം പതിയെ.

മഞ്ജാപ്പക്കുണ്ടോ കുറവ്.സാറിനെ തന്റെ ഡ്രൈവിംഗ് പാടവം കാണിച്ചേ അടങ്ങൂ എന്ന്‌ വിചാരിച്ചു കച്ച മുറുക്കിയ പോരാളി അല്ലെ.. ഒരു വിധം ജീവൻ കയ്യിൽ പിടിച്ചു വീട് പറ്റി എന്ന്‌ പറഞ്ഞാൽ മതിയല്ലോ.

ഞാൻ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ എന്നെ കാണണം എന്ന്‌ പറഞ്ഞു മുല്ലൈ വെന്ദൻ സർ വിളിച്ചിരുന്നു. അവളുടെ ഡയറക്ടർ ആണ് പുള്ളി. ഞങ്ങൾ ഇടക്കിടെ തമിഴിൽ സംസാരിക്കാറുണ്ട്. ഞാൻ നന്നായി തമിഴ് പറയും എന്നാണ് പുള്ളീടെ നിരീക്ഷണം. (അതിനു കാർത്തികേയനോട് നന്ദി).
അങ്ങനെ രണ്ടു ദിവസത്തെ അനോഫിഷ്യൽ ലീവിൽ ഞങ്ങൾ ഷഹപുർ (ഷാപ്പുർ ) ചുറ്റിക്കറങ്ങി.

മുല്ലൈ വെന്ദൻ സർ ഞങ്ങൾക്കൊപ്പം ഗുൽബർഗ യും ബീജാപ്പൂരും കാണണം എന്ന ഉദ്ദേശത്തോടെ ആണ് വന്നത്.രാത്രിയിൽ 8അര മണിയോടെ അദ്ദേഹത്തെ സ്വീകരിക്കാൻ ഞങ്ങൾ ഷാപൂരിൽ പോയി.മഞ്‍ജപ്പ ഞാൻ നന്നയി ഹിന്ദിയും പറയുമെന്ന് സ്ഥിരീകരിച്ചു. (എന്റെ ഹിന്ദി എനിക്കല്ലേ അറിയൂ ) വന്ന പാടെ പുള്ളി അന്നൗൻസ് ചെയ്തു നാളത്തെ ട്രിപ്പ്‌ ഗുല്ബര്ഗയ്ക്കു.

ഫീൽഡ് ഡേയ്‌സ് കുറവാണു സാർ എന്ന്‌ അവൾ പറഞ്ഞപ്പോൾ, എന്ന സൊല്ല റീങ്ക നീയ്യ്‌, സിതേഷ് ഇവ്വളു ദൂരെത്തൂന്നു, വന്നിരിക്കെങ്ക അപ്പൊ താനെ ഫീൽഡ് കീൽട് എന്ന് സൊൽ രത്? (പുള്ളി ഇന്നുമെന്നെ സിതേഷ് എന്നാണ് വിളിക്കാറ് )
നാളേക്ക് കാലേ റെഡി പണി നില്ല്. ഗുൽബർഗ ഫോട്ടുക്കു പോക വേന്നും.

അടിപൊളി സാറ്..
കാലയില് അല്ല രാവിലെ തന്നെ ഞാൻ എഴുനേറ്റു ട്രിപ്പ്‌ പോകാൻ റെഡി ആയി. മഞ്‍ജപ്പ വണ്ടിയും കഴുകി തുടച്ചു കുട്ടപ്പനാക്കി നിർത്തി. ഞാനും അവളും സാറ് താമസിക്കുന്ന ഹോട്ടലിൽ എത്തി. പിന്നെ സാറിനെയും കൂട്ടി ഗുൽബർഗ ഫോർട്ടിലേക്കു.

അന്ന് ഹോളി ആയിരുന്നു. വഴിയിൽ പലരും നിറങ്ങൾ മേത്ത് വാരി വിതറുകയും നിറം കലക്കിയ വെള്ളം വീശി എറിയുമെന്നും മഞ്‍ജപ്പ പറഞ്ഞു. ഒരുത്തനും ഒരു ലക്കും ലഗാനും ഉണ്ടാവില്ലെന്നും, കഴിഞ്ഞ വർഷം അങ്ങനെ ഒരു അനുഭവം ഉണ്ടായെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ അയ്യാൾ പൊലിപ്പിച്ചു പറഞ്ഞു.
ഞങ്ങൾ രണ്ടും പിറകിലായിട്ടാണ് ഇരുന്നത്. 80km മേലെ വണ്ടി പറക്കുമ്പോൾ സാർ അയ്യാളെ ശകാരിച്ചു കൊണ്ടേ ഇരുന്നു. വഴിൽ ഒന്നുരണ്ടിടത്തു ഹോളി ആഘോഷം കണ്ടെങ്കിലും ദുരനുഭവം ഉണ്ടായില്ല.

ഷാപ്പുർ നിന്നും 82km ദൂരം ഉണ്ട് ഗുൽബർഗ ക്ക്. ഒന്നര മണിക്കൂർ കൊണ്ടാണ് ഓടി ചെത്തിയത്. അതിന്റെ ദേഷ്യം മഞ്ജപ്പയുടെ മുഖത്തു നിന്നും വായിച്ചെടുക്കാം ആർക്കും.
അയ്യാൾ ഫോർട്ടിലേക്കു ഇല്ലെന്നു പറഞ്ഞ് വണ്ടി ഒതുക്കിയിടാൻ പോയി. ഞങ്ങൾ അകത്തേക്കും.

1327ൽ സ്ഥാപിതമായ ബഹ്മ്‌നി സുൽത്താനേറ്റിലെ അലാവുദ്ധീൻ ഹസ്സൻ ബഹ്മ്‌നി ആണ് 1347ൽ ഗുൽബർഗ fort പണികഴിപ്പിച്ചത്. ഡൽഹി സുൽത്താനേറ്റിൽ നിന്നും വിടുതൽ നേടി സ്വതന്ത്രമായ ആദ്യ ഇസ്ലാമിക സ്റ്റേറ്റ് കൂടി ആണ് ബഹ്മ്‌നി സുൽത്താനേറ്റ്. മനോഹരമായ പേർഷ്യൻ മാതൃകയിലുള്ള നിർമിതി.

ശവകുടീരങ്ങളും നിരവധി ആർച്ചുകളും, കുംഭ ഗോപുരത്തോടു കൂടിയ എടുപ്പുകളും നിറഞ്ഞ മനോഹരമായ കെട്ടിടം. ജമാ മസ്ജിദ് പിന്നീട് ഇതിനോട് കൂട്ടി ചേർത്ത മന്ദിരമാണ്. ബിജാപുർ ഗോൽ ഗുംബസിനൊപ്പം മഹത്തരമാണ് ഇവിടുത്തെ കുംഭ ഗോപുരം.

അതി ബൃഹുത്തായ ഈ മന്ദിരത്തിനുള്ളിൽ ശബ്ദ ക്രമീകരണങ്ങൾ ഉണ്ട്. ശബ്ദ ക്രമീകരണങ്ങൾക്കു വേണ്ടി കൃത്രിമമായി മാഗ്നെറ്റിക് ഫീൽഡ് സൃഷ്ടിച്ചിട്ടുണ്ട് ആ നിർമിതിയിൽ. പ്രതിധ്വനി സൃഷ്ടിക്കപെടാത്ത ഇടം.

ഇവിടുത്തെ പ്രത്യേകത ഏത് ഭാഗത്തുനിന്നും നോക്കിയാലും ഒരേ പോലെ കാഴ്ചയുടെ വിരുന്നൊരുക്കുന്ന കമാനങ്ങൾ. പേർഷ്യൻ വാസ്തുകലയുടെ മകുടോദാഹരണം.
ബാര ഗാസി ടോഹ് എന്ന പേരിൽ വിളിക്കപ്പെടുന്ന 29അടി നീളവും 2അര അടി വണ്ണവുമുള്ള പീരങ്കി ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പീരങ്കി. ഒരിക്കലും തുരുമ്പ് പിടിക്കാത്ത തരത്തിലുള്ള ഇരുമ്പ് കൊണ്ട് തുർക്കികൾ ആണ് ഇത് നിർമ്മിച്ച് നൽകിയത്.

കോട്ടയുടെ സ്ഥിതി പരിതാപകരമാണിന്നു. അനധികൃത മായി പലരും ഈ കോട്ടയെ കൈവശപ്പെടുത്തിയിരിക്കുന്നു. വിശാലമായ കോട്ടയുടെ അകത്തളങ്ങളിൽ പോലും സ്വതന്ത്രമായി നിർമ്മാണം നടത്തി കൈയ്യേറിയിരിക്കുന്നു.

കോട്ടവാതിലുകളും ചുറ്റുമതിലുകളൂം,ആയുധപ്പുരയും വലിയ നാശനഷ്ടങ്ങൾ കൂടാതെ കാലത്തോട് മല്ലിട്ടു നില്കുന്നെങ്കിലും, ചില ഇടത്തെല്ലാം നിലത്തു വിരിച്ചതും, പടുത്തുയർത്തിയതുമായ ഗ്രാനൈറ്റ് ശിലാ പാളികൾ മോഷ്ടിച്ചു കൊണ്ടുപോയി തൊട്ടടുത്തു വീട് നിര്മിച്ചിരിക്കുന്നതും കാണാം.

16 നിരീക്ഷണ ഗോപുരത്തോടെ ആണ് കോട്ടമതിൽ നിർമ്മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് ശിലകളാണ് പൂർണ്ണമായും നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. Archiological survey of india യുടെ മേൽനോട്ടത്തിൽ ഇപ്പോൾ ഇവിടെ റിപ്പയറിങ് നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

200ഏക്കറോളം ഉള്ള വിസ്തൃതമായ ഈ കോട്ട അതിഭാവുകങ്ങളൊന്നും ഇല്ലാതെ ഞങ്ങളെ അതിന്റെ മനോഹാരിത കാണിച്ചു തന്നു. അസ്തമയ സൂര്യൻ തന്റെ ചുവന്ന പരവതാനി വിരിച്ചു ലോകത്തിന്റെ നിറുകയിൽ നിറയുന്ന മനോഹരദൃശ്യം കോട്ടയുടെ മുകളിൽ നിന്ന് ആസ്വദിച്ചു ഞങ്ങൾ വിടപറഞ്ഞു.

ഇനി ഒരിക്കൽ കൂടി വരണം ഇവിടേയ്ക്ക്…. അന്നുവരേക്കും ഈ കോട്ടയും കൊത്തളങ്ങളും നിലനിക്കട്ടെ എന്ന ശുഭചിന്തയോടെ…
വീണ്ടും മഞ്‍ജപ്പ പറപ്പിക്കുന്ന ജീപ്പിലേക്കു ചേക്കേറി….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News