റാഫേല്‍ ഇടപാട്; റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി; നിലപാടിലുറച്ച് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട്; മറുപടി പറയാതെ മോദി; കേന്ദ്രം പ്രതിരോധത്തില്‍

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സ്വേ ഒളാന്ദിന്റെ ഓഫീസ് വീണ്ടും രംഗത്തെത്തി. റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലോടെ മോദി കള്ളനാണെന്ന് വ്യക്തമായെന്നും ഒളാന്ദിന്റെ വെളിപ്പെടുത്തലിന് മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

റഫാല്‍ കരാറിലെ ഫ്രാന്‍സ്വേ ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആവര്‍ത്തിച്ച് ഒളാന്ദിന്റെ ഓഫീസ് വീണ്ടും രംഗത്തെത്തിയത്.

ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. റഫാല്‍ വിമാനങ്ങള്‍ കൃത്യസമയത്ത് കൈമാറി എന്നുറപ്പാക്കുക, നല്‍കുന്ന വിമാനങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുക എന്നീകാര്യങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂ എന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ വിശദീകരണം.

പുതിയ വെളിപ്പെടുത്തലുകളോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഫ്രാന്‍സ്വേ ഓളന്ദ് മോദിയെ കള്ളനെന്ന് വിളിച്ചിരിക്കുന്നു ഇനിയെങ്കിലും മോദി മൗനം വെടിയണമെന്ന് കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മോദിയെ രക്ഷിക്കാനാണ് മറ്റ് മന്ത്രിമാര്‍ കള്ളം പറയുന്നതെന്നും രാജ്യത്തിന്റെ പണം മോദി അംബാനിയുടെ പോക്കറ്റിലിട്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ ഫ്രാന്‍സുമായുള്ള ചര്‍ച്ച പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ റദ്ദാക്കി.പ്രതിപക്ഷ ആരോപണങ്ങളെ നേരിടാന്‍ തിരക്കിട്ട ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത് തങ്ങളാണെന്ന ദസോള്‍ട്ട് കമ്പനിയുടെ പ്രസ്താവന ഉയര്‍ത്തി ആരോപണങ്ങള്‍ പ്രതിരോധിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News