മോദി കള്ളനാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; മോദി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി

ദില്ലി: റഫേല്‍ ഇടപാടില്‍ നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോദി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. ഇടപാടില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്രത്തിന്റേയും അഴിമതി വ്യക്തമാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റഫേല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അനില്‍ അംബാനിക്കു നല്‍കിയത്. 45,000 കോടിയുടെ കടത്തിലായിരുന്നു അനില്‍ അംബാനി. മോദി അവര്‍ക്കു രക്ഷാ പാക്കെജ് ഒരുക്കിയിരിക്കുകയാണ്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.

ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സ് കമ്പനിയെ റഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് അഭിമുഖത്തില്‍ ചോദ്യത്തിന് മറുപടിയായി ഓളന്ദ് പറയുന്നത്.

2015 ഏപ്രിലില്‍ റഫേല്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഓളന്ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.

ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ബലം പകരുന്നതാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

ഓളന്ദിന്റെ ഭാര്യയും നടിയുമായ ജൂലി ഗായെത്തിന്റെ ചിത്രം നിര്‍മിക്കാന്‍ റിലയന്‍സ് കരാര്‍ ഒപ്പിട്ടത് റഫേല്‍ കരാറിന്റെ ഉപകാരസ്മരണയാണന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

മീഡിയ പാര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആരോപണം നിഷേധിച്ച ഓളന്ദ്, റിലയന്‍സ് റഫേല്‍ കരാറിന്റെ ഭാഗമായത് പൂര്‍ണമായും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News