‘ഒരു മാസത്തെ വേതനം, ഒരായുസോളം അഭിമാനം’; സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി തോമസ് ഐസക്ക്; 4439 ജീവനക്കാരില്‍ വിസമ്മതപത്രം നല്‍കിയത് 698 പേര്‍ മാത്രം

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാര്‍ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്.

മന്ത്രി തോമസ് ഐസക്ക് പറയുന്നു:

സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാര്‍ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നത്.

ആകെ 4439 ജീവനക്കാരില്‍ 698 പേര്‍ മാത്രമാണ് വിസമ്മതപത്രം നല്‍കിയത്. വെറും പതിനഞ്ചു ശതമാനംപേര്‍. മഹാഭൂരിപക്ഷം ജീവനക്കാരും സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിനിരയായ കേരളീയരുടെ അതിജീവനത്തിന് സ്വന്തം അധ്വാനഫലത്തില്‍നിന്നൊരു വിഹിതം നല്‍കാന്‍ അഭിമാനത്തോടെ തയ്യാറായി.

സമ്മര്‍ദ്ദത്തിന്റെയോ ഭീഷണിയുടെയോ ഫലമായല്ല ഈ പങ്കാളിത്തം. സംഘബോധമുള്ള ജീവനക്കാരെ അങ്ങനെ വരുതിയ്ക്കു നിര്‍ത്താന്‍ കേരളത്തിന്റെ സാഹചര്യത്തില്‍ കഴിയുമെന്ന് ആരും വിശ്വസിക്കുമെന്നും തോന്നുന്നില്ല.

ഈ ദുരന്തത്തെ അതിജീവിക്കാന്‍ രൂപപ്പെട്ട ഒരുമയുടെ തുടര്‍ച്ചയാണ് ഈ പങ്കാളിത്തം. ലോകമെങ്ങുമുള്ള മലയാളികളും മലയാളികളല്ലാത്തവരും ഈ ദുരന്തത്തെ അതിജീവിക്കാന്‍ കൈകോര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും കണ്ട ഈ ഒരുമ പുനര്‍നിര്‍മ്മാണത്തിലും തുടരുന്നുവെന്ന കാര്യം ആവേശകരം തന്നെയാണ്.

‘ഒരു മാസത്തെ വേതനം, ഒരായുസോളം അഭിമാനം ‘എന്ന ആഹ്വാനവുമായി സാലറി ചലഞ്ചു വിജയിപ്പിക്കാന്‍ യത്‌നിച്ച സംഘടനകളും ഈ ഒരുമ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെയും കേരളം നെഞ്ചോടു ചേര്‍ക്കും.

രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് ഇപ്പോഴും വിട്ടുനില്‍ക്കുന്ന ജീവനക്കാരോട് എനിക്ക് ഒരഭ്യര്‍ത്ഥനയേ ഉള്ളൂ. ബുദ്ധിമുട്ടുകാരണം ഒഴിവായി നില്‍ക്കുന്നവരുടെ കാര്യമല്ല പറയുന്നത്.

എതിര്‍പ്രചരണം നടത്താനും ജീവനക്കാരെ പിന്തിരിപ്പിക്കാനും ഓഫീസുകള്‍ തോറും സ്‌ക്വാഡുകള്‍ നടത്തുകയും നോട്ടീസിറക്കുകയും ചെയ്തവരോടും അവരുടെ ആഹ്വാനം ശിരസാവഹിച്ചവരോടുമാണ്. നിങ്ങളും സഹകരിക്കണം.

പുനര്‍നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയാനുഭാവികളുടെയും ഒരു രാഷ്ട്രീയവുമില്ലാത്തവരുടെയും ആവശ്യമാണത്. ആ അനിവാര്യത നിങ്ങളും മനസിലാക്കണം. സഹകരിക്കണം. നമ്മുടെ നാടിനു വേണ്ടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News