യുഎസ് ആശ്രിത വിസ നിർത്തലാക്കുന്നു; ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക‌് തിരിച്ചടി; ഈ സൗകര്യത്തിന്റെ ഉപയോക്താക്കളിൽ 90 ശതമാനവും ഇന്ത്യക്കാർ

ഇന്ത്യക്കാർക്ക‌് കനത്ത തിരിച്ചടിയായി അമേരിക്കയിൽ എച്ച‌് 4 വിസ (ആശ്രിത വിസ) നിർത്തലാക്കുന്നു. എച്ച് 1 ബി വിസയിൽ എത്തിയവരുടെ ജീവിതപങ്കാളികള്‍ക്ക് തൊഴില്‍ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാനാണ‌് ട്രംപ‌് ഭരണകൂടത്തിന്റെ തീരുമാനം.

കൊളംബിയ ജില്ലാ കോടതിയിലാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഇക്കാര്യം അറിയിച്ചത്. യുഎസിലെ വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക‌് തീരുമാനം തിരിച്ചടിയാകും.

2015 മുതലാണ് എച്ച‌് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ആശ്രിത വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയത്. അമേരിക്കയില്‍ കുടുംബവുമൊത്തുള്ള സ്ഥിരതാമസം നിയമപരമാക്കാന്‍ പത്തു വര്‍ഷത്തിലധികം വേണമെന്നിരിക്കെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത‌്.

നിലവിൽ എച്ച് 4 വിസയില്‍ തൊഴില്‍ ചെയ്തുവരുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാരാണ‌്. വിദഗ‌്ധരായ വിദേശ തൊഴിലാളികൾക്ക് മൂന്നു വർഷംവരെ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വിസയാണ് എച്ച് 1 ബി. മൂന്നുവർഷം പിന്നിട്ടാൽ ഇത് പുതുക്കാം.

എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ പങ്കാളികള്‍ക്ക‌് എച്ച് 4 വിസയില്‍ ജോലി ചെയ്യാമെന്ന നിയമം 2015ൽ ഒബാമ സർക്കാരാണ‌് കൊണ്ടുവന്നത‌്. നിയമം നിർത്തലാക്കുമെന്ന‌് ട്രംപ‌് തെരഞ്ഞെടുപ്പുവേളയിൽത്തന്നെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ വിദേശികള്‍ക്കുള്ള എച്ച് 1 ബി വിസയിലും നിയന്ത്രണം തീരുമാനിച്ചു.

അമേരിക്കയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം കുറഞ്ഞതും മിക്ക കമ്പനികളും വിദേശികളെ ആശ്രയിക്കുന്നതുമായിരുന്നു ഈ തീരുമാനത്തിനു കാരണമായി പറഞ്ഞത‌്. എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും ആഭ്യന്തര സുരക്ഷാവകുപ്പ‌് നേരത്തെ കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

എച്ച് 4 വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 90 ശതമാനത്തിനു മുകളിലും എച്ച് 1 ബി വിസയുള്ള ഭർത്താവിനോടൊപ്പം എത്തിയ സ‌്ത്രീകളാണ്. വിദേശ വിദ്യാര്‍ഥികള്‍ക്ക‌് പഠനം പൂര്‍ത്തിയാക്കി ശേഷം പരിശീലനത്തിനായി കൂടുതല്‍ കാലം ചെലവഴിക്കാനുള്ള അനുമതിയും ട്രംപ് നേരത്തെ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News