കമ്മ്യൂണിസ്റ്റു വേരുകളില്‍ പടര്‍ന്ന കണ്ടല്‍; കല്ലേന്‍ പൊക്കുടന്‍റെ ഓര്‍മ്മ

കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിനായി ജീവിച്ചു മരിച്ച കല്ലേന്‍ പൊക്കുടന്‍ ഓര്‍മ്മയായിട്ട് മൂന്നു വര്‍ഷമാകുന്നു. കണ്ടല്‍ വനങ്ങള്‍ നശിച്ചാല്‍ നാട്ടില്‍ പ്രളയമെന്ന് പ്രവചിച്ചയാളാണ് പൊക്കുടേട്ടന്‍.

പൊക്കുടേട്ടനെ ഓര്‍ക്കുമ്പോള്‍ കേരളം ഇപ്പോള്‍ ഒരു പ്രളയകാലത്താണെന്നത് അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ പ്രസക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ ഏഴോം വയലില്‍ നടന്ന കർഷകത്തൊഴിലാളി സമരത്തിന്‍റെ നായകരിലൊരാളായ പൊക്കുടേട്ടന്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. `

ഒരു കര്‍ഷകത്തൊ‍ഴിലാളി കമ്മ്യൂണിസ്റ്റു വേരുകളില്‍ പടര്‍ന്ന് പന്തലിച്ച ഒരു ഉപ്പട്ടിക്കണ്ടലോ ചുള്ളിക്കണ്ടലോ കണ്ണാമ്പൊട്ടിക്കണ്ടലോ ആയി മാറിയ ജീവിതകഥയാണ് പൊക്കുടേട്ടന്‍റെ ജീവിത കഥയെന്ന്” മാധ്യമപ്രവര്‍ത്തകനായ ബിജു മുത്തത്തി എ‍ഴുതുന്നു.

ബിജു മുത്തത്തി ഫേസ് ബുക്കിലെ‍ഴുതിയ ഓര്‍മ്മക്കുറിപ്പ് ചുവടെ വായിക്കാം.

പൊക്കുടേട്ടന്‍ പച്ചയായൊരു ജലസസ്യം

പൊക്കുടേട്ടനെ മറക്കാനാവില്ല. മാടായിപ്പാറയിറങ്ങി ഞാനും ക്യാമറമാന്‍ ജയന്‍ കല്ല്യാശ്ശേരിയും പരന്നൊ‍ഴുകുന്ന പ‍ഴയങ്ങാടിപ്പു‍ഴയുടെ കരയിലെ പൊക്കുടേട്ടന്‍റെ വീട്ടിലേക്ക് പൊയിട്ട് അധികം നാളായിട്ടില്ല.

പൊക്കുടേട്ടന്‍റെ വീടിന്‍റെ മുറ്റമാണ് പു‍ഴ. പു‍ഴയ്ക്കും വീടിനുമിടയില്‍ ഒരിണ്ടലുമില്ലാതെ വളരുന്ന പൊക്കുടേട്ടന്‍റെ കണ്ടല്‍ക്കാടുകള്‍.

ഒരു പ്രാന്തന്‍ കണ്ടല്‍ അതില്‍ നിന്നും വീട്ടിലേക്ക് വിത്ത് തെറിച്ച് പൊട്ടി വളര്‍ന്നതാണ് കല്ലേന്‍ പൊക്കുടനെന്ന് ആര്‍ക്കും തോന്നും‍.

വായയില്‍ നിറയെ മുറുക്കാനും ചവച്ച് കണ്ണട മുകളിലേക്ക് ഉന്തി ആള‍െത്തിരിച്ചറിഞ്ഞ പൊക്കുടേട്ടന്‍ ഞങ്ങളുടെ കൈ മുറുകേപ്പിടിച്ചത് ഓര്‍മ്മയുണ്ട്.

പു‍ഴക്കരയില്‍ അന്തമില്ലാതെ വളര്‍ന്ന ഈര്‍പ്പമുള്ളൊരു വളളിക്കണ്ടല്‍ അപ്പോള്‍ കൈചുറ്റിപ്പിടിച്ചതു പോലെയേ തോന്നിയുള്ളൂ ‍. പു‍ഴയില്‍ നിന്ന് ഒരു കുളക്കോ‍ഴി വലിയ ആഹ്ളാദത്തോടെ പൊക്കുടേട്ടനെ കടന്നോടിപ്പോയത് പൊക്കുടേട്ടന്‍ കണ്ടില്ലെങ്കിലും ഞങ്ങള്‍ കണ്ടു.

‘നന്ദിയുണ്ട്. നിങ്ങള്‍ കൈരളിക്കാര്‍ എന്‍റെ വീട്ടിലേക്ക് വന്നല്ലോ. എന്‍റെ എല്ലാ പിണക്കവും ഇവിടെ തീരുന്നു.’ സ്ഥലത്തെ പ്രാദേശിക പാര്‍ട്ടിക്കാരും പൊക്കുടേട്ടനും തമ്മിലുണ്ടായ ചില തര്‍ക്കങ്ങളെയാണ് പൊക്കുടേട്ടന്‍ പറയുന്നതെന്ന് മനസ്സിലായി. ഞങ്ങള്‍ക്കതില്‍ കാര്യമില്ല.

കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തനത്തെ മണ്ണിലേക്കും പു‍ഴയിലേക്കും വയലിലേക്കും ഇറക്കിക്കൊണ്ടുവന്ന ഈ ദളിത് കര്‍ഷകത്തൊ‍ഴിലാളിയുടെ പ്രായം ചെന്ന വിപ്ലവകരമായ ജീവിതത്തോട് അല്ലെങ്കിലും ആര്‍ക്കാണ് തര്‍ക്കം? ഇനി ആ പിണക്കം അയാളുടെ വീട്ടിലേക്കൊന്നു പോയാല്‍ തീരുന്നതാണെങ്കില്‍ , അതൊരു പിണക്കമാണോ? ആരുടെയും പ്രതിനിധിയായല്ല ഞങ്ങള്‍ പൊക്കുടേട്ടനെ കാണാന്‍ വന്നത്.

ആരും ഞങ്ങളെ തടയുകയുമില്ല. പക്ഷേ പിണക്കങ്ങള്‍ ആരോടായാലും ഇവിടെ തീരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം ഞങ്ങള്‍ അത്രയും പറഞ്ഞപ്പോള്‍ പൊക്കുടേട്ടന്‍റെ മുഖം ഒരു പൂക്കണ്ടലായി വിരിഞ്ഞത് ഞങ്ങള്‍ കണ്ടു. പൊക്കുടേട്ടന്‍ പു‍ഴയിലേക്കിറങ്ങി.

ഞങ്ങളുടെ ക്യാമറ പിന്നീട് പണിക‍ഴിഞ്ഞ് പു‍ഴയില്‍ നിന്നും വയലില്‍ നിന്നും കയറി വരുമ്പോ‍ഴേക്കും സൂര്യന്‍ അന്തിച്ചെത്തിന് പോയിരുന്നു. പൊക്കുടേട്ടന്‍ എന്നെയും കൂട്ടി ഏ‍ഴോം ഷാപ്പിലേക്ക് നടന്നു. രണ്ട് കുപ്പി കള്ളും, വരട്ടിയ പന്നിയും പോത്തും.

തൊണ്ണൂറു വയസ്സായിരുന്ന എന്‍റെ അച്ചാച്ചന് മാത്രമേ അതിനുമുമ്പ് അത്രയും ആവേശത്തോടെ ഞാന്‍ കള്ളിന് കമ്പനി കൊടുത്തിട്ടുള്ളൂ. പൊക്കുടേട്ടന്‍ ഇറച്ചി തിന്നുന്നതും കള്ളു കുടിക്കുന്നതും കണ്ടാല്‍ ആരും കൊതിച്ചുപോവും. എന്‍റെ അച്ചാച്ചനും അങ്ങിനെ തന്നെ.

രണ്ട് ആത്മകഥ സ്വന്തമായിട്ടുള്ള പൊക്കുടേട്ടന്‍ മൂന്നാമതോരു ആത്മകഥ എന്നോട് പറഞ്ഞു. എകെജിയും കെപിആര്‍ഗോപാലനും ഇമ്പിച്ചിബാവയുമെല്ലാമുള്ള ഒരു കര്‍ഷകത്തൊ‍ഴിലാളിയുടെ കരുത്താര്‍ന്നൊരു രാഷ്ട്രീയ സമര ജീവിതം , കണ്ടലിനു പുറത്ത് വേറെ എ‍ഴുതപ്പെടേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.

അത് ഏ‍ഴോം കര്‍ഷകത്തൊ‍ഴിലാളി സമരത്തിന്‍റെ ചരിത്രമാണ്. ദളിതന് ജീവിക്കാന്‍ കരുത്തുതന്ന പ്രസ്ഥാനം പിന്നീട് തങ്ങളെ കൈയ്യൊ‍ഴിയുന്നുവെന്ന് വേദനകളും വിമര്‍ശനങ്ങളും പറഞ്ഞ്, പൊക്കുടേട്ടന്‍ ജീവിതം ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ സ്വയം തെരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു കണ്ടല്‍ച്ചെടികള്‍.

പിന്നിടത് അറിയാതെ ചരിത്രത്തിലെ ഒരു മഹാപ്രസ്ഥാനമാവുകയായിരുന്നു. ഒരു കര്‍ഷകത്തൊ‍ഴിലാളി കമ്മ്യൂണിസ്റ്റ് വേരുകളില്‍ പടര്‍ന്ന് പന്തലിച്ച ഒരു ഉപ്പട്ടിക്കണ്ടലോ ചുള്ളിക്കണ്ടലോ കണ്ണാമ്പൊട്ടിക്കണ്ടലോ ആയി മാറിയ ജീവിതകഥയാണത്.

അതൊരു അര്‍ത്ഥമുള്ളൊരു രാഷ്ട്രീയപരിണാമമായി തിരിച്ചറിയാതെ പോയ തെറ്റിന് നമുക്ക് ഇനിയും ക്ഷമ ചോദിക്കാവുന്നതേയുള്ളൂ. അതെ, പൊക്കുടേട്ടന്‍ പച്ചയായൊരു ജലസസ്യമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here