പണം നൽകുന്നതിൽ കുടിശ്ശിക വരുത്തി ഇഎസ്ഐ കോർപ്പറേഷൻ; ചികിത്സയില്‍ നിന്നും പിന്മാറി ആശുപത്രികള്‍

ഇഎസ്ഐ കോർപ്പറേഷൻ പണം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതിനാൽ ആശുപത്രികൾ ചികിത്സ നൽകുന്നതിൽ നിന്നും പിന്മാറുന്നു. കണ്ണൂർ ജില്ലയിൽ നാമ മാത്രമായ ആശുപത്രികളിൽ മാത്രമാണ് ഇപ്പോൾ ഇ എസ് ഐ ചികിത്സ ഉള്ളത്.

പരിയാരം മെഡിക്കൽ കോളേജിലും ഇ എസ് ഐ ചികിത്സ ഇല്ലാതായതോടെ തൊഴിലാളികൾ കടുത്ത ദുരിതത്തിലായി. ഇഎസ്ഐ ആശുപത്രികൾ ചികിത്സ ലഭ്യമല്ലാത്തതും വിദഗ്ദ്ധ ചികിത്സ അവശ്യമുള്ളതുമായ കേസുകളാണ് എം പാനൽ ലിസ്റ്റിലുള്ള ആശുപത്രികളിലേക്ക് അയക്കുന്നത്.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ള തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്ന സ്ഥാപനമാണ് പരിയാരം മെഡിക്കൽ കോളേജ്.  2017 ഒക്ടോബർ മുതലുള്ള കുടിശ്ശിക ഇ എസ് ഐ കോർപറേഷൻ അടച്ചില്ല.ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് പരിയാരം മെഡിക്കൽ കോളേജിന് ലഭിക്കാനുള്ളത്.

ഇതോടെ ഇ എസ് ഐ ചികിത്സ നൽകുന്നതിൽ നിന്നും പരിയാരം പിന്മാറി. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യലിറ്റി ഇ എസ് ഐ ചികിത്സയുള്ള ഏക ആശുപത്രിയായ പരിയാരത്ത് ചികിത്സ ഇല്ലാതായതോടെ തൊഴിലാളികൾ ദുരിതത്തിലായി.

തൊഴിലാളികളുടെ ജീവന് പോലും വില നൽകാത്ത നിലപാടാണ് ഇഎസ്ഐ സ്വീകരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ പറഞ്ഞു.

ഇഎസ്ഐ കോർപ്പറേഷൻ നിലപാടിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ട്രേഡ് യൂണിയനുകൾ.സി ഐ ടി യു നേതൃത്വത്തിൽ അടുത്ത ബുധനാഴ്ച തോട്ടട ഇ എസ് ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here