ഐഎഫ്എഫ്‌കെ 2018: ഏഴു ദിവസം മാത്രം; ആവശ്യമായ പണം ഡെലിഗേറ്റ് ഫീസിലൂടെയും സ്‌പോണ്‍സര്‍മാരിലൂടെയും കണ്ടെത്തും; വിദേശ അതിഥികളെയും പ്രവര്‍ത്തകരെയും കുറയ്ക്കാനും തീരുമാനം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള മേള ഇത്തവണ 7 ദിവസമാക്കി നടത്താന്‍ തീരുമാനം. മേള ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് നടത്തുകയെന്ന് സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ പണം ഡെലിഗേറ്റ് ഫീസിലൂടെയും സ്‌പോണ്‍സര്‍മാരിലൂടെയും കണ്ടെത്തും. ഡിസംബര്‍ 7 മുതല്‍ 13 വരെയായിട്ടാകും മേള നടത്തുക.

മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള, സര്‍ക്കാര്‍ ഫണ്ട് ഒ!ഴിവാക്കി പൂര്‍ണമായും ചലച്ചിത്ര അക്കാദമിയുടെ ചിലവില്‍ നടത്താനാണ് തീരുമാനം.

8 ദിവസമായി നടന്നിരുന്ന മേള ഇത്തവണ 7 ദിവസമാക്കിയാണ് നടത്തുക. മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കും. ഇതില്‍ രണ്ടു കോടി ഡെലിഗേറ്റ് പാസ് വിതരണത്തിലൂടെ സമാഹരിക്കാന്‍ കഴിയും. ഇതിനു പുറമെ ഒന്നരക്കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് അക്കാദമി ശ്രമിക്കുന്നതെന്ന് സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു.
അടുത്ത ആഴ്ച മുതല്‍ സെലക്ഷന്‍ ജൂറി സിനിമകള്‍ കണ്ടു തുടങ്ങും. ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറ പ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇത്തവണയുണ്ടാകില്ല. 10 ലക്ഷം രൂപയാണ് ഇതിന്റെ തുക. ലോക സിനിമ, മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, റെട്രോസ്‌പെക്ടീവ് എന്നീ പാക്കേജുകള്‍ക്ക് പുറമെയുള്ള സ്‌പെഷ്യല്‍ പാക്കേജുകള്‍ ഒഴിവാക്കും.

വിദേശ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അതിഥികളെയും കുറയ്ക്കാനാണ് തീരുമാനം. പുരസ്‌കാരം പ്രാധാന വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കാനാണ് ആലോചന. മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ നേരത്തെ ഒഴിവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here