ഏഷ്യന്‍ രാജാക്കന്മാരായി ഇന്ത്യ; ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യക്ക്‌ ഏഴാം കിരീടം

ഉപഭൂഖണ്ഡത്തിലെ അപ്രമാദിത്തം അരക്കിട്ടുറപ്പിച്ച ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പ‌് സ്വന്തം പേരിൽ കുറിച്ചു. ബൗളർമാർ ആധിപത്യം പുലർത്തിയ ഇഞ്ചോടിഞ്ച‌് കലാശപ്പോരിൽ മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.

നാടകീയത നിറഞ്ഞ അവസാന ഓവറിലെ അവസാനപന്തിലാണ‌് കളിയുടെ വിധിയെഴുത്ത‌്. ടൂർണമെന്റിലെ ഒറ്റക്കളിയിലും പരാജയം അറിയാതെയാണ‌് രോഹിത‌് ശർമയുടെയും കൂട്ടരുടെയും കിരീടധാരണം. ലോക രണ്ടാം നമ്പർ ടീമിനെതിരെ ഉണ്ടായ പരാജയത്തിലും തല ഉയർത്തിയാണ‌് ബംഗ്ലാദേശുകാരുടെ മടക്കം. സ‌്കോർ: ബംഗ്ലാദേശ‌് 222. ഇന്ത്യ: ഏഴു വിക്കറ്റിന‌് 223.

ടോസ‌് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. സ്വപ‌്നതുല്യ തുടക്കം ലഭിച്ചിട്ടും പാതിവഴിയിൽ കളിമറന്ന ബംഗ്ലാദശ‌് 222 റണ്ണിന‌് പുറത്തായി. കൈവിട്ടുപോകുമായിരുന്ന കളി സ‌്പിൻ–ഫീൽഡിങ്ങ‌് മികവിൽ ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. ബാറ്റ‌്സ‌്മാന്മാർ

പ്രതീക്ഷക്കൊത്ത‌് ഉയർന്നില്ലെങ്കിലും ചെറിയ സ‌്കോർ കഷ‌്ടിച്ചു മറികടക്കാനായി. രോഹിത‌ും ശിഖർ ധവാനും ആത്മവിശ്വാസത്തോടെ തുടങ്ങി. ചെറിയ സ‌്കോർ അനായാസം മറികടക്കാമെന്ന പ്രതീക്ഷയിൽ മുന്നേറിയ ഇന്ത്യക്ക‌് തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ‌്ടമായത‌് തിരിച്ചടിയായി.

ആദ്യം പുറത്തായത‌് ധവാനാണ‌്. നസ‌്മുൽ ഇസ്ലാമിന്റെ പന്തിൽ സൗമ്യ സർക്കാർ പിടിച്ച‌് ധവാൻ(15) പുറത്താകുമ്പോൾ ടീം സ‌്കോർ 35. മൂന്നാമനായി ഇറങ്ങിയ അമ്പട്ടി റായ‌്ഡു(2) നേരിട്ടത‌് ഏഴ‌് പന്ത‌് മാത്രം.

മൊർതാസയുടെ കുത്തിത്തിരിഞ്ഞ പന്ത‌് ബാറ്റിലുരസി വിക്കറ്റ‌് കീപ്പർ മുഷ‌്ഫിഖർ റഹീമിന്റെ കൈയിൽ. അര സെഞ്ച്വറിയിലേക്കു കുതിച്ച നായകൻ രോഹിത‌് ശർമയുടെ പുറത്താകൽ അപ്രതീക്ഷിതം. 48 ൽ നിൽക്കെ റൂബേൽ ഹസ്സന്റെ പന്തിൽ തകർപ്പൻ ഷോട്ടിനു ശ്രമിച്ച രോഹിത‌് ബൗണ്ടറിക്കരികിൽ നസ‌്മുലിന്റെ കൈയിൽ ഒതുങ്ങി.

പിന്നീട‌് ഒത്തുചേർന്ന മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ദിനേശ‌് കാർത്തികും ചേർന്നു നേടിയ 54 റൺ വിജയത്തിലേക്കു വഴിവെട്ടി. ശ്രദ്ധിച്ചു കളിച്ചിരുന്ന കാർത്തിക‌് (37) മഹ‌്മദുള്ളയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. പിന്നാലെ വന്ന കേദാർ ജാദവ‌് ധോണിക്ക‌് മികച്ച പിന്തുണ നൽകി.

മുസ‌്തഫിസുറിന്റെ പന്തിൽ കീപ്പർക്ക‌് ക്യാച്ച‌് നൽകി ധോണി(36) മടങ്ങിയപ്പോൾ ഇന്ത്യ വിറച്ചു. ജാദവ‌് പരിക്കേറ്റു കയറിയത‌് പ്രഹരമായി. തുടർന്ന‌് ഒത്തുചേർന്ന രവീന്ദ്ര ജഡേജയും(21) ഭുവനേശ്വർ കുമാറും (22) ജയത്തിന‌് അടുത്തെത്തിയാണ‌് പിരിഞ്ഞത‌്.

റൂബേലിന്റെ പന്തിൽ കീപ്പർക്ക‌് ക്യാച്ച‌് നൽകി ജഡേജ മടങ്ങി. പരിക്കേറ്റു കയറിയ ജാദവാണ‌് പകരം വന്നത‌്. 49–ാം ഓവറിലെ മുസ‌്തഫിസുറിന്റെ ആദ്യ പന്തിൽ ഭുവി പുറത്തായതോടെ കളിവീണ്ടും എങ്ങോട്ടും തിരിയാമെന്ന നിലയായി.

അവസാന ഓവറിൽ വേണ്ടത‌് ആറു റൺ. കുൽദീപും ജാദവും ക്രീസിൽ. ബംഗ്ലാ നായകൻ മഷ‌്റഫെ ഏറെ ആലോചനയ‌്ക്കു ശേഷം മഹ‌്മദുള്ളയെ പന്തേൽപ്പിച്ചു. എന്നാൽ, കുൽദീപും ജാദവും പതറാതെ വിജയതീരമണഞ്ഞു.

കലാശപ്പോരിൽ കരുത്തൻ എതിരാളിക്കെതിരെ അതിഗംഭീര തുടക്കമായിരുന്നു ബംഗ്ലാദേശ‌ിന്റേത‌്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 20.5 ഓവറിൽ 120 റൺ അടിച്ചെടുത്തു. ഫൈനൽ പോരാട്ടം കടുക്കുമെന്ന‌് തോന്നിച്ച ഘട്ടം.

എന്നാൽ, ലിട്ടൺ ദാസിന്റെ സെഞ്ചുറിയിൽ (120) ഒതുങ്ങി ബംഗ്ലാദേശിന്റെ ആവേശം. പിന്നീടുവന്നവർ അനാവശ്യ പുറത്താകലുകളിലൂടെ വലിയ സ‌്കോർ എന്ന ലക്ഷ്യം അകറ്റി. കുൽദീപ‌് യാദവ‌് മൂന്നും കേദാർ ജാദവ‌് രണ്ടും വിക്കറ്റെടുത്തു.

ലിട്ടൺ തുടക്കംമുതൽ ഇന്ത്യൻ ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. പേസർമാരും സ‌്പിന്നർമാരും ഒരുപോലെ ഈ വലംകൈയന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഫൈനലിലെ പരീക്ഷണമെന്നനിലയിൽ ഓപ്പണിങ‌് സ്ഥാനത്തേക്ക‌് കയറ്റംകിട്ടിയ മെഹ‌്ദി ഹസനും മോശമാക്കിയില്ല.

ലിട്ടണ‌് മികച്ച പിന്തുണ നൽകിയ മെഹ‌്ദി മോശം പന്തുകൾ മാത്രം പ്രഹരിച്ചു. മധ്യ ഓവറുകളിൽ കേദാർ ജാദവ‌് പന്തെറിയാൻ എത്തിയത‌് കളി ഇന്ത്യക്ക‌് അനുകൂലമാക്കി. ജാദവിന്റെ പന്തിൽ റായ‌്ഡു മെഹ‌്ദിയെ പിടികുടിയതോടെ ബംഗ്ലാദേശിന്റെ കഷ്ടകാലം തുടങ്ങി. പിന്നാലെ വന്നവർ ക്രീസിൽനിന്ന‌് തിരിച്ചുകയറാനുള്ള തിടുക്കത്തിലായിരുന്നു.

അനാവശ്യമായ മൂന്നു റണ്ണൗട്ട‌് ബംഗ്ലാ ഇന്നിങ‌്സിന്റെ ദയനീയ ചിത്രങ്ങളായി. ഇന്ത്യൻ സ‌്പിന്നർമാരും പിടിമുറക്കി. ഇമ്രുൽ കായ‌്സ‌് ചാഹലിന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങി ബാറ്റ‌്സ‌്മാൻമാരുടെ ഘോഷയാത്രയ‌്ക്കു തുടക്കമിട്ടു.

തൊട്ടുപിന്നാലെ ജാദവിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച മുഷ‌്ഫിഖർ (5) ബ്രുംമ്രയുടെ കൈയിലൊതുങ്ങി. മുഹമ്മദ‌് മിഥുൻ (2) ജഡേജയുടെ ഫീൽഡിങ‌് മികവിൽ റണ്ണൗട്ടായി. പിന്നെ കുൽദീപിന്റെ ഊഴമായിരുന്നു. മഹ‌്മദുള്ളയെ(4) പുറത്താക്കി കുൽദീപ‌് തുടങ്ങി. മെഹ‌്ദിക്ക‌് പിന്നാലെ വന്നവർ പിന്തുണച്ചില്ലെങ്കിലും ലിട്ടൺ വിട്ടുകൊടുത്തില്ല.

ഓപ്പണർമാരൊഴികെ രണ്ടക്കം കടന്ന ഏക ബാറ്റ‌്സമാൻ സൗമ്യ സർക്കാരും ലിട്ടണും ചേർന്നുള്ള കൂട്ടുകെട്ട‌് കനത്ത വീഴ‌്ചയിൽനിന്നു ടീമിനെ രക്ഷിച്ചു. സെഞ്ചുറി പിന്നിട്ട ഉടൻ ആഞ്ഞടിക്കാൻ ശ്രമിച്ച ലിട്ടൺ കുൽദീപിന്റെ പന്ത‌് നേരിടാൻ ക്രീസ‌് വിട്ടിറങ്ങിയപ്പോൾ ധോണി വിക്കറ്റ‌് ഇളക്കി. നായകൻ മുർത്താസയെയും (7) കുൽദീപിന്റെ പന്തിൽ ധോണി സ‌്റ്റമ്പ‌് ചെയ‌്ത‌് പറഞ്ഞയച്ചു.

സൗമ്യയും റണ്ണൗട്ടായതോടെ പോരാട്ടം അവസാനിച്ചു. പിന്നീട‌് വന്ന നസ‌്മുൽ ഇസ്ലാം (7) മുന്നാമത്തെ റണ്ണൗട്ടായി. അവസാനമെത്തിയ റുബേൽ ഹുസൈൻ(0) ബുംമ്രയുടെ കിടിലൻ യോർക്കർ കാണും മുമ്പ‌് വിക്കറ്റ‌് തെറിച്ചു. 48.3 ഓവറിൽ ഇന്നിങ‌്സിന‌് അവസാനം. മുസ‌്തഫിസുർ റഹ‌്മാൻ (2) പുറത്താകാതെ നിന്നു.

സ‌്കോർ
ബംഗ്ലാദേശ‌് 10–222
മെഹ്ദി സി റായ‌്ഡു ബി കേദാർ 32, ഇമ്രുൾ എൽബിഡബ്ല്യൂ ബി ചഹാൽ 2, മുഷ്ഫിക്കുർ സി ബുമ്ര ബി കേദാർ 5, മിഥുൻ റണ്ണൗട്ട‌് 2, മഹ്മദുള്ള സി ബുമ്ര ബി കുൽദീപ‌് 4, ലിട്ടൺ സ‌്റ്റമ്പ‌്ഡ‌് ധോണി ബി കുൽദീപ‌് 121, മൊർത്താസ സ‌്റ്റമ്പ‌്ഡ‌് ധോണി ബി കുൽദീപ‌് 7, നസ‌്മുൾ റണ്ണൗട്ട‌് 7, സർക്കാർ റണ്ണൗട്ട‌് 33, റൂബെൽ ഹുസൈൻ ബി ബുമ്ര 0.
വിക്കറ്റ‌്‌വീഴ‌്ച: 1–120, 2–128, 3–137, 4–139, 5–151, 6–188, 7–196, 8–213, 9–222, 10–222.

ഇന്ത്യ 7‐ 223
ധവാൻ സി സർക്കാർ ബി നസ‌്മുൾ 15, റായ‌്ഡു സി മുഷ്ഫിക്കുർ ബി മൊർത്താസ 2, രോഹിത‌് സി നസ‌്മുൾ ബി റൂബെൽ 48, കാർത്തിക‌് എൽബിഡബ്ല്യൂ ബി മഹ്മദുള്ള 37, ധോണി സി മുഷ്ഫിക്കുർ ബി മുസ്താഫിസുർ 36, ജഡേജ സി മുഷ്ഫിക്കുർ ബി റൂബെൽ 23, ഭുവനേശ്വർ സി മുഷ്‌ഫിക്കുർ ബി മുസ്‌താഫിസുർ 21
വിക്കറ്റ‌്‌വീഴ‌്ച: 1–35, 2–46, 3–83, 4–137, 5–160,6‐212, 7‐214.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News