സംസ്ഥാനത്ത‌് പുതിയ ബ്രൂവറികളും ബോട‌്‌ലിങ‌് യൂണിറ്റുകളും ആരംഭിക്കുന്നതിനെതിരെ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷത്തിനു പിന്നിൽ അന്യസംസ്ഥാന വിദേശ മദ്യലോബി.

സംസ്ഥാനത്ത‌് വിറ്റഴിക്കാൻ ആവശ്യമായ വിദേശമദ്യത്തിൽ വലിയ അളവോളം കുപ്പികളിലാക്കി എത്തിക്കുന്നത‌് കർണാടകത്തിലെയും ഗോവയിലെയും മദ്യമുതലാളിമാരാണ‌്. കേരളത്തിൽത്തന്നെ ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയാൽ സംസ്ഥാനത്തെ ചില പ്രമുഖ കോൺഗ്രസ‌് നേതാക്കളുമായി ബന്ധമുള്ള ഈ മദ്യലോബിക്ക‌് കോടികളുടെ നഷ്ടമാണുണ്ടാവുക.

ഇത‌് തടയാനും കച്ചവടത്തിന്റെ പ്രധാനകേന്ദ്രമാക്കി കേരളത്തെ മാറ്റാനുമുള്ള നീക്കങ്ങളുടെ തുടർച്ചയായാണ‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ആരോപണവുമായെത്തിയത‌്. ഉമ്മൻചാണ്ടിയും ജുഡീഷ്യൽ അന്വേഷണ ആവശ്യവുമായി എത്തിയതോടെ ലക്ഷ്യം അന്യസംസ്ഥാന ലോബിയെ സഹായിക്കലാണെന്ന‌് കൂടുതൽ വ്യക്തമായി.

2016–17 വർഷത്തിൽ 5.72 ലക്ഷം കെയ്സ് വിദേശമദ്യവും 60.56 ലക്ഷം കെയ്സ് ബിയറും കർണാടകത്തിൽനിന്നും ഗോവയിൽനിന്നും വാങ്ങി. 2017–18 വർഷത്തിൽ 8.14 ലക്ഷം കെയ്സ് മദ്യവും 40.09 ലക്ഷം കെയ്സ് ബിയറും ഇതര സംസ്ഥാനങ്ങളിൽനിന്ന‌് കൊണ്ടുവന്നു. ഈ സാമ്പത്തികവർഷം ഏപ്രിൽമുതൽ ആഗസ‌്ത‌് അവസാനംവരെ 6.55 ലക്ഷം കെയ്സ് വിദേശ മദ്യവും 15.13 ലക്ഷം കെയ്സ് ബിയറുമാണ‌് കൊണ്ടുവന്നത‌്.

ഇത്രയും അളവിലുളള മദ്യം ഇവിടെത്തന്നെ കുപ്പികളിലാക്കുന്ന യൂണിറ്റുകൾ തുടങ്ങാനാണ‌് സർക്കാർ അനുമതി നൽകിയത‌്. ഇത‌് യാഥാർഥ്യമായാൽ കർണാടകത്തിലെയും ഗോവയിലെയും മദ്യലോബിക്ക‌് ശതകോടികളുടെ നഷ്ടമാണുണ്ടാവുക.

ഈ ന‌ഷ്ടം ഒഴിവാക്കാൻ ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവുകൂടിയാണ‌് ചെന്നിത്തലയുടെ ഇടപെടൽ. ഈ യൂണിറ്റുകൾ ഇവിടെത്തന്നെ തുടങ്ങിയാൽ സംസ്ഥാനത്തിന‌് കോടികളുടെ നികുതിവരുമാനം കിട്ടുമെന്ന‌ുമാത്രമല്ല, പ്രത്യക്ഷമായും പരോക്ഷമായും നൂറുകണക്കിന‌ു തൊഴിലവസരവും സൃഷ്ടിക്കാനുമാകും.

ഭൂരിപക്ഷം ഡിസ്റ്റിലറികളും യുഡിഎഫ‌് ഭരണത്തിൽ 1999ലെ ഒരു എക‌്സിക്യൂട്ടീവ‌് ഓർഡർ ലംഘിച്ചാണ‌് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതെന്നാണ‌് ചെന്നിത്തലയുടെ ആരോപണം. അങ്ങനെയെങ്കിൽ ആദ്യം പ്രതിക്കൂട്ടിലാവുക എ കെ ആന്റണിയാണ‌്.

2003ൽ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ‌് തൃശൂർ മലബാർ ബ്രൂവറീസിന‌് സംസ്ഥാന സർക്കാർ ലൈസൻസ‌് നൽകിയത‌്. സംസ്ഥാനത്ത‌് ആകെയുള്ള ഡിസ്റ്റിലറി യൂണിറ്റുകൾ 18 എണ്ണമാണ‌്. ഇതിൽ രണ്ടെണ്ണം കേരളപ്പിറവിക്ക‌ുമുമ്പ‌് തുടങ്ങിയത‌്. അവശേഷിക്കുന്ന 16ൽ 11ഉം ആരംഭിച്ചത‌് യുഡിഎഫ‌് ഭരിക്കുമ്പോൾ നൽകിയ ലൈസൻസിൽ.

യൂണിറ്റുകൾ തുടങ്ങുന്നതിൽ തെറ്റില്ലെന്നും അത‌് രഹസ്യമായി അനുവദിച്ചതാണ‌് അഴിമതിയെന്നുമാണ‌് ചെന്നിത്തല ഇപ്പോൾ പറയുന്നത‌്.

എന്നാൽ, സർക്കാർ നടപടി തികച്ചും സുതാര്യമാണ‌്. ലഭിച്ച അപേക്ഷകൾ പരിശോധിച്ച‌് അതിൽ അനുയോജ്യമായതിന‌് അനുമതി നൽകുകയാണ‌് ചെയ‌്തത‌്. ഇത‌് സർക്കാർ വെബ‌്സൈറ്റിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചതുമാണ‌്. ഇനി നിയമാനുസൃതമായി മറ്റ‌് നടപടിക്രമങ്ങൾ പാലിച്ചാൽമാത്രമേ ഇവയ‌്ക്ക‌് യൂണിറ്റുകൾ തുടങ്ങാനുള്ള ലൈസൻസ‌് കിട്ടൂ.