”ലിനി, രണ്ടക്ഷരമുള്ള നന്മയുടെ പേര്; പ്രിയപ്പെട്ട മകളെ, നീ ഇന്നും ഞങ്ങളുടെ നെഞ്ചകങ്ങളില്‍ നിറപുഞ്ചിരിയോടെ ജീവിക്കുന്നു”; ഡോക്ടേഴ്‌സ് അവാര്‍ഡില്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ലിനിക്ക്

ലിനി രണ്ടക്ഷരമുള്ള ഒരു നന്മയുടെ പേരാണ്..സ്വന്തം ജീവനെക്കാള്‍ വലുതാണ് തന്റെ പ്രിയപ്പെട്ടവരുടെയും ചുറ്റുമുള്ളവരുടെയും ജീവനെന്ന് തിരിച്ചറിഞ്ഞ ഒരു മാലാഖയുടെ പേരാണ്…

ഒരു മഹാമാരിക്കും കവര്‍ന്നെടുക്കാന്‍ കഴിയാത്ത ആര്‍ദ്ര സ്‌നേഹത്തിന്റെ പേരാണ്.. കേരളം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പ്രിയപ്പെട്ട മകളുടെ പേരാണ്.

നിപാ രോഗ ബാധിതനെ ചികില്‍സിച്ചതിലൂടെ തനിക്കും വൈറസ് ബാധിച്ചെന്ന് മനസിലാക്കി മറ്റാര്‍ക്കും പിന്നീട് അത് പിടി പെടാതിരിക്കാന്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറുകയും മരണത്തിന് കീ!ഴടങ്ങുകയും ചെയ്ത ലിനി.

ആ സ്‌നേഹ നാളത്തിന്റെ പ്രകാശമാണ് ഇന്ന് മലയാളികളായ നമ്മളോരോരുത്തരുടെയും ജീവിതത്തെ തിളക്കമുള്ളതാക്കിത്തീര്‍ക്കുന്നത്.

പേരാമ്പ്ര താലൂക്കാശുപത്രിയിലെ താല്‍ക്കാലിക നഴ്‌സായ ലിനി മേയ് മാസം 19ന് വൈകുന്നേരം ഇളയ മകന്‍ സിദ്ധാര്‍ഥിനെ പാലൂട്ടിയ ശേഷമാണ് നൈറ്റ് ഡ്യൂട്ടിക്കായി പോയത്. നിപ്പാ ബാധിതരായ മൂന്ന് പേരായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. രാത്രി മുഴുവന്‍ അവരെ പരിചരിച്ചു. അവരോട് സംസാരിച്ചിരുന്ന ലിനിക്ക് പുലര്‍ച്ചെയായതോടെ പനി പിടിച്ചു.

രോഗം മൂച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ തനിക്ക് നിപ്പ ബാധിച്ചിട്ടുണ്ടെന്നും ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടത് ലിനി തന്നെയായിരുന്നു. ആശുപത്രിയില്‍ കാണാനെത്തിയ അമ്മയെയും സഹോദരിയെയും അടുത്തു വരാനും ലിനി സമ്മതിച്ചില്ല.

ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് സജീഷ് ഐസലേഷന്‍ വാര്‍ഡിലെത്തി അവസാനമായി ഒരു നോക്കു കണ്ടു. പരിസരവാസികള്‍ക്ക് പോലും രോഗഭീതിയുണ്ടാകരുതെന്ന ലിനിയുടെ അതേ മനസ് തന്നെയായിരുന്നു സജീഷിനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും.

മനസ് പൊട്ടുന്ന വേദനയോടെയാണ് ലിനിയുടെ മൃതദേഹം വീട്ടിലേക്ക് പോലും കൊണ്ടുവരാതെ കോ!ഴിക്കോട് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചത്.. മരണം കവര്‍ന്നെടുക്കും മുന്‍പ് ഭര്‍ത്താവ് സജീഷിന് ലിനി എ!ഴുതി നല്‍കിയ കത്തിലെ വരികള്‍ഇന്നും നമ്മുടെ കണ്ണുകളെ ഈറനാക്കുന്നു.

സജീഷേട്ടാ, am almost on the way നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി, നമ്മുടെ മക്കളെ നന്നായി നോക്കണേ..പാവം കുഞ്ചു അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണേ. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാകരുത്…

സജീഷ് ഇന്ന് തനിച്ചല്ല.

ലിനിയുടെ ഭര്‍ത്താവ് സജീഷിനെയും രണ്ടും മക്കളെയും ഇന്ന് കേരളീയര്‍ പൊന്നു പോലെ നോക്കുന്നു. അഞ്ചു വയസുകാരന്‍ റിഥിലും രണ്ട് വയസുകാരന്‍ സിദ്ധാര്‍തിനും അമ്മ ലിനിക്കു പകരമാകില്ല മറ്റൊന്നുമെങ്കിലും ഇരുവരുടെയും പഠനച്ചിലവിനായി 10 ലക്ഷം വീതം സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചു കഴിഞ്ഞു.

സജീഷിന് കോഴിക്കോട് ഡി എം ഓ ഓഫീസില്‍ ക്ലര്‍ക്കായി ജോലി നല്‍കി. സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്നറിയാമായിരുന്നിട്ടും രോഗബാധിതരെ പരിചരിച്ച് ജീവന്‍ ബലി നല്‍കിയ ലിനിയുടെ വലിയ മനസിനെ ഐക്യരാഷട്രസഭ പോലും നമിച്ചു.

കേരളത്തിന്റെ പ്രിയപ്പെട്ട മകളെ ഇന്നും നീ ഞങ്ങളുടെ നെഞ്ചകങ്ങളില്‍ നിറപുഞ്ചിരിയോടെ ജീവിക്കുന്നു….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News