ലിനി; സ്വന്തം ജീവനേക്കാള്‍ വലുതാണ് ചുറ്റുമുള്ളവരുടെ ജീവനെന്ന് തിരിച്ചറിഞ്ഞ മാലാഖ; ലിനിയെ മരണാനന്തരം ആദരിച്ച് കൈരളി പീപ്പിള്‍ ടിവി; ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പി മലയാളത്തിന്റെ മഹാനടനും

തിരുവനന്തപുരം: ലിനി സജീഷ് എന്ന മാലാഖ എന്നും നമ്മുടെ നൊമ്പരം നിറഞ്ഞ ഓര്‍മ്മയാണ്.

കൈരളി പീപ്പിള്‍ ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ ലിനിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോരുത്തരുടെയും കണ്ണ് നനച്ചു. ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നിപ്പാ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിക്കായിരുന്നു. ഭര്‍ത്താവ് സജീഷും മക്കളായ റിഥിലും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജീവന്റെ തുടിപ്പുകള്‍ നിലച്ചുപോവാതെ കണ്ണിമവെട്ടാതെ കാവലിരിക്കുന്ന മാലാഖ. സ്വന്തം ജീവനെക്കാള്‍ വലുതാണ് തന്റെ പ്രിയപ്പെട്ടവരുടെയും ചുറ്റുമുള്ളവരുടെയും ജീവനെന്ന് തിരിച്ചറിഞ്ഞ മാലാഖ.

ആ സ്‌നേഹ നാളത്തിന്റെ പ്രകാശമാണ് ഇന്ന് മലയാളികളായ നമ്മളോരോരുത്തരുടെയും ജീവിതത്തെ തിളക്കമുള്ളതാക്കിത്തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് കൈരളി പീപ്പിള്‍ ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡില്‍ ചെയര്‍മാന്‍ മമ്മൂട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം നല്‍കി ലിനിയെ മരണാനന്തരം ആദരിച്ചത്. ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും ചേര്‍ന്നാണ് മമ്മൂട്ടിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സജീഷിനെയും അഞ്ചു വയസുകാരന്‍ റിഥിലിനെയും രണ്ട് വയസുകാരന്‍ സിദ്ധാര്‍തിനെയും ഹൃദയത്തോട് ചേര്‍ത്താണ് മലയാളികള്‍ നോക്കുന്നത്. ഇവര്‍ക്ക് ലിനിക്കു പകരമാകില്ല മറ്റൊന്നുമെങ്കിലും ആ മഹാത്യാഗത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ലിനിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ മലയാളത്തിന്റെ മഹാനടനും ഒന്നു വിതുമ്പി.

ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ചെത്തിയ സജീഷിന് കോഴിക്കോട് ഡിഎംഓ ഓഫീസില്‍ ക്ലര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കി. ബഹ്‌റൈനിലെ ഒരുമ സൗഹൃദ കൂട്ടായ് ശേഖരിച്ച കൈതാങ്ങും ചടങ്ങില്‍ സജീഷ് മന്ത്രി എം.എം മണിക്ക് കൈമാറി.

ഇനി ലിനിക്കായി ജീവിക്കുക എന്നതാണ് സജീഷിന്റെ ആഗ്രഹം. കേരളത്തിന്റെ പ്രിയപ്പെട്ട മകളെ ഇന്നും നീ ഞങ്ങളുടെ നെഞ്ചകങ്ങളില്‍ നിറപുഞ്ചിരിയോടെ ജീവിക്കുന്നു എന്നു മാത്രം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News