എരിവുണ്ടെങ്കിലും പച്ചമുളക് നമ്മുടെ ഭക്ഷണത്തിന്‍റെ ഒ‍ഴിച്ചുകൂടാനാകാത്ത ഭാഗമാണ്. പച്ചമുളകില്ലാതെ മലയാളികള്‍ക്ക് ദിവസം തള്ളിനീക്കാനാവില്ലെന്നതാണ് സത്യം. എരിവുള്ളവനാണെങ്കിലും പച്ചമുളകിന്‍റെ ഗുണങ്ങളറിഞ്ഞാല്‍ നാം മൂക്കത്ത് വിരല്‍ വെയ്ക്കും.

ഉപാപാചയ പ്രവർത്തനങ്ങളെ വേഗത്തിലാക്കാന്‍ പച്ചമുളക് നല്‍കുന്ന സംഭാവന ചെറുതല്ല.
നിരോക്സീകാരികൾ ധാരാളമുള്ള പച്ചമുളക്, ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അർബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയുന്ന പച്ചമുളക് ഹൃദയാരോഗ്യമേകുന്നു.

രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുക വഴി അതിറോസ്ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിന് കഴിയും.

പച്ചമുളകിന് എരിവ് നൽകുന്ന കാപ്സെയിൻ തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ശരീരതാപ നില കുറയുന്നു. മുളക് ഉൽപാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ജീവകം സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്‍റെയും ചർമത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്. ഇരുമ്പിന്‍റെ കലവറയായ പച്ചമുളകിലെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു.