നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി കാമുകിയില്‍ നിന്ന് പണം തട്ടിയ അധ്യാപകന്‍ അറസ്റ്റില്‍; തല തിരിഞ്ഞ് പോയ ഈ ‘ബുദ്ധിജീവി’ പെണ്‍കുട്ടികളെ കുടുക്കുന്നത് നാടകീയമായി; കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ കേസിന്റെ പരിസമാപ്തി ഇങ്ങനെ

തിരുവനന്തപുരം: കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍.

കംപ്യൂട്ടര്‍ വിദഗ്ദനായ പ്രതി തട്ടിപ്പിനായി ഉപയോഗിച്ചത് സെക്കന്‍ഡ് ലൈന്‍ ആപ്‌ളീക്കേഷന്‍. ഇരയുടെ സ്വകാര്യ ചിത്രങ്ങള്‍ മറ്റൊരാള്‍ തന്റെ ഫോണില്‍ നിന്ന് ഹാക്ക് ചെയ്തു എന്ന് പെണ്‍കുട്ടിയെ തെറ്റിധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്.

തല തിരിഞ്ഞ് പോയ ബുദ്ധിജീവി, മലപ്പുറത്തെ പെന്‍മള വില്ലേജിലെ ചാപ്പനങ്ങാടിയിലെ മുഹമ്മദ് സാനിഷ് എന്ന അദ്ധ്യാപകനെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിപുണനായ പ്രതിക്ക് സ്ത്രീകളാണ് ദൗര്‍ബല്യം. വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് പെണ്‍കുട്ടികളോട് അടുപ്പം പുലര്‍ത്തുന്ന പ്രതി എങ്ങനെയും കാര്യങ്ങള്‍ ലൈംഗീകതയിലെത്തിക്കും.

കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചാല്‍ പിന്നെ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് അവരുമായി അകലും. പ്രണയം തകര്‍ന്ന പെണ്‍കുട്ടികള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കും വരെ പ്രതി കാത്തിരിക്കും. വിവാഹ ആലോചനകള്‍ വന്ന് തുടങ്ങുന്നതോടെയാണ് മുഹമ്മദ് സാനിഷിന്റെ തനി സ്വരൂപം ഇരയറിയുക.

ഇരയുടെ ഫോണിലേക്ക് പരിചിതമല്ലാത്ത ഒരു വാട്ട്‌സ് അപ്പ് നമ്പരില്‍ നിന്ന് പെണ്‍കുട്ടിയുടെ തന്നെ കിടപ്പറ രംഗം എത്തും. പരിഭ്രാന്തയാകുന്ന പെണ്‍കുട്ടിയെ പിന്നാലെ മുഹമ്മദ് സനീഷ് ബന്ധപ്പെടും.

പ്രണയത്തിലായിരുന്നപ്പോള്‍ താന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ഓണ്‍ലൈനിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇപ്പോള്‍ ഏതോ ഒരു ഹാക്കര്‍ അത് ഹാക്ക് ചെയ്ത് തന്നോട് പണം ആവശ്യപ്പെടുന്നതായും പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കും.

സെക്കന്‍ഡ് ലൈന്‍ ആപ്പിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മറ്റൊരു ചാറ്റിങ്ങ് ആപ്പ് വ!ഴി ആണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി തികച്ചും സങ്കീര്‍ണമായ സാങ്കേതിക വിദ്യകളാണ് പ്രതി ഉപയോഗിച്ചിരുന്നത്.

വിര്‍ച്ചല്‍ പ്രൈവറ്റ് നെറ്റ്് വര്‍ക്ക് എന്ന ആപ്പ്‌ളിക്കേഷന്‍ വഴി തെറ്റിധാരണ ഉണ്ടാക്കുന്ന ഇന്റര്‍നെറ്റ് ഐപി അഡ്രസുകള്‍ വഴിയാണ് പ്രതി തട്ടിപ്പിനുളള കളം ഒരുക്കിയത്. രണ്ട് മാസത്തിലേറെ നീണ്ട തികച്ചും സങ്കീര്‍ണമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയുടെ യത്ഥാര്‍ത്ഥ ഐഡി കണ്ടെത്തിയത്.

പ്രതിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ക്രാക്ക് ചെയ്ത് പോലീസ് രഹസ്യ ആപ്ലീക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രതിയെ നിരീക്ഷിച്ചാണ് വലയിലാക്കിയത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ മുഹമ്മദ് സാനീഷിനെ പോലീസ് പിടികൂടി.

കേരളാ പോലീസിന്റെ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ കേസ് അന്വേഷണമാണ് തിരുവനന്തപുരം സൈബര്‍ പോലീസ് നടത്തിയത്.

സൈബര്‍ ക്രൈം ഡിവൈഎസ്പി എം ഇക്ബാല്‍, എസ് ഐ അനീഷ് കരീം, സൈബര്‍ വിദഗ്ദരായ പോലീസ് ഓഫീസറന്‍മാരായ ഷിബു, സുനില്‍ കുമാര്‍, അരുണ്‍കുമാര്‍, കണ്ണന്‍ബോസ്, സുബീഷ്, അനീഷ് എന്നിവരുടെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here