തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് കൊടുത്തു; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത; പീപ്പിള്‍ എക്സ്ക്ലൂസീവ്

പീപ്പിള്‍ എക്സ്ക്ലൂസീവ് ; നെട്ടുകാൽതേനി തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് കൊടുത്ത സംഭവത്തില്‍ രമേശ് ചെന്നിത്തലയെക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും. ജയിൽ വകുപ്പിന്റെ 5 ഏക്കർ സ്ഥലം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ചിന്താലയ ട്രസ്റ്റിന് കൈമാറിയ സംഭവത്തിലാണ് സര്‍ക്കാര്‍ നടപടി.

രമേശ് ചെന്നിത്തലക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ നടപടിയെന്ന് സൂചന .നാല് വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്താണ് പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത്.

2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് ജയില്‍ വകുപ്പിന്‍റെ കീ‍ഴിലുളള അഞ്ച് ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് . ഭൂമി പതിച്ച് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് ജയില്‍ വകുപ്പ് നല്‍കിയ ശുപാര്‍ശ മറകടന്നായിരുന്നു അന്നത്തെ ആഭ്യന്തമന്ത്രിയായ ചെന്നിത്തല തീരുമാനം എടുത്തത് .

ധനവകുപ്പ് , റവന്യു വകുപ്പ് ,നിയമ വകുപ്പ് എന്നീവയെ മറികടന്ന് ആണ് യുഡിഎഫ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. സ്വകാര്യ ട്രസ്റ്റായ ചിന്താലയ കാട്ടക്കട നെട്ടകാല്‍തേനിയില്‍ അണ്‍ എയ്ഡഡ് സ്കൂള്‍ തുടങ്ങാനാണ് ജയില്‍ വകുപ്പിന്‍റെ ഭൂമി ആവശ്യപ്പെട്ടത്.

സ്വകാര്യ ട്രസ്റ്റ് ആയതിനാലും ,തുടങ്ങുന്നത് അണ്‍ എയ്ഡഡ് സ്കൂള്‍ ആയതിനാലും ഭൂമി പതിച്ച് നല്‍കിയാല്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകും എന്ന് ജയില്‍ ഡിജിപി മുന്നറിപ്പ് നല്‍കിയരുന്നു . എന്നാല്‍ ആ മുന്നറിപ്പിനെ പോലും മറികടന്ന് ഫയല്‍ ക്യാമ്പിനറ്റിന്‍റെ പരിഗണയില്‍ കൊണ്ട് വന്ന് തീരുമാനം എടുപ്പിക്കുകയായിരുന്നു. 30 വര്‍ഷത്തേക്കായിരുന്നു സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് വിട്ട് നല്‍കിയത് .

1961 ലാണ് നെട്ടുകാല്‍തേനിയില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ പിടി ചാക്കോ മുന്‍കൈ എടുത്ത് തുറന്ന ജയില്‍ സ്ഥാപിച്ചത് .പ്ലാന്‍റേഷന്‍ കോര്‍പ്പറേന്‍റെ ഭൂമി കര്‍കശമായ വ്യവസ്ഥകളോടെയാണ് ജയില്‍ വകുപ്പിന് കൈമാറിയത് . മു‍ഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും എതിര്‍പ്പ് ഉയര്‍ത്തിയിട്ടും ഫയല്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പരിഗണക്ക് വിട്ടു.

തുടര്‍ന്ന് 2015 ആഗസ്റ്റ് 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്പോള വിലയുടെ 10 ശതമാനം മാത്രം ഇടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 നവംബറില്‍ മുന്‍ സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കി.

ഭൂമി പതിച്ച് നല്‍കിയ തീരുമാനത്തില്‍ അ‍ഴിമതി ഉണ്ടെന്ന് പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നതെന്ന് സൂചന. വിജിലന്‍സ് അന്വേഷണം ഉണ്ടായാല്‍ ആഭ്യന്തര മന്ത്രിയായ ചെന്നിത്തലയെ കൂടാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News