ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍ രൂപയെത്തി നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ  രൂപയുടെ മൂല്യ തകര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ട് പ്രസംഗിച്ച വീഡിയോ വൈറലാകുന്നത്.

രൂപയുടെ മൂല്യത്തകര്ച്ചക്ക് കാരണം അന്നത്തെ യുപിഎ സര്ക്കാരിന്റെ അഴിമതിയാണെന്നും ഇതിന് കേന്ദ്രം മറുപടി നല്കണമെന്നും മോദി പ്രസംഗത്തില് ആവശ്യപ്പെടുന്നു.

രാജ്യത്ത് രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തിനില്‍ക്കുകയും ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധനവില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗം മോദിയെ ഇന്ന് തിരിച്ച് കുത്തുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനെതിരെയായിരുന്നു മോദിയുടെ ആക്രോശം.

മൂല്യത്തില്‍ ഡോളര്‍ വലുതായിക്കൊണ്ടിരിക്കുന്നു. രൂപ ചെറുതായിക്കൊണ്ടിരിക്കുന്നു. ഈ രീതിയില്‍ മുന്‍പോട്ട് പോയാല്‍ ലോകവ്യാപാര മേഖലയില്‍ ഇന്ത്യ കാണാന്‍ പോലും ഉണ്ടാകില്ലെന്നും ഡല്‍ഹിയിലുള്ല സര്‍ക്കാര്‍ ഇതിന് ഉത്തരം പറയുന്നില്ലെന്നും പറഞ്ഞു കൊണ്ടാണ് മോദി അന്ന് പ്രസംഗം ആരംഭിച്ചത്.

ഇന്ന് കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ ചോദിക്കുന്ന പല ചോദ്യങ്ങളും ഉയര്‍ത്തിയാണ് മോദി അന്ന് യുപിഎ സര്‍ക്കാരിനെതിരെ രംഗത്തു വന്നത്.

നേപ്പാളിലൊ, ശ്രീലങ്കയിലോ, ബംഗ്ലാദേശിലോ, പാകിസ്ഥാനിലോ ഇല്ലാത്ത കു‍ഴപ്പം ഇന്ത്യയില്‍ എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും രൂപയുടെ മൂല്യം താ‍ഴോട്ട് പോകുന്നതില്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും മോദി പ്രസംഘത്തില്‍ ആവശ്യപ്പെടുന്നു.

ഡല്‍ഹിയില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് മാത്രമാണ് ഇതില്‍ പങ്കെന്ന് പറയുന്ന നോദി സര്‍ക്കാരറിയാതെ രൂപക്ക് ഈ തകര്‍ച്ച ഉണ്ടാകില്ലെന്നും ചൂണ്ടി കാണിക്കുന്നുണ്ട്.ഇപ്പോള്‍ താന്‍ എറിഞ്ഞ ശരങ്ങള്‍ തിരിഞ്ഞു കുത്തുന്ന അവസ്ഥയാണ് നരേന്ദ്ര മോദിക്ക് വന്നിരിക്കുന്നത്.