2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നരേന്ദ്രമോദി വോട്ടര്‍മാര്‍ക്ക്ന ല്കിയത് ഇന്ത്യാചരിത്രത്തില്‍ ഇന്നേവരെ ഒരു നേതാവും നല്കാത്ത വാഗ്ദാനമായിരുന്നു.

“വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കളളപ്പണം പിടിച്ചെടുക്കും. ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടും”

പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന്‍റെ വീഡിയോദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ
പി ആര്‍ സംഘം വൈറലാക്കി. നവമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഷെയറുകളും
ലൈക്കുകളും സൃഷ്ടിച്ചു. പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുളള
പി ആര്‍ സംഘം മോദിയുടെ വാഗ്ദാനം ഓരോ ഇന്ത്യക്കാരനിലുമെത്തിച്ചു.
എല്ലാം വിശ്വസിച്ച പാവം വോട്ടര്‍മാര്‍ മോദിപോലും പ്രതീക്ഷിക്കാത്ത
ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജനങ്ങള്‍ ബി ജെ പിയെ അധികാരത്തിലേറ്റി.

വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. വിദേശബാങ്കുകളില്‍
ഇന്ത്യക്കാര്‍ നിക്ഷേപിച്ച എത്ര കളളപ്പണം തിരിച്ചുപിടിച്ചു? ഈ ചോദ്യം
ഉന്നയിച്ച് പലരും ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിവരാവകാശ
നിയമ പ്രകാരം അപേക്ഷകള്‍ നല്കി.ആര്‍ക്കും വ്യക്തമായ മറുപടി ലഭിച്ചില്ല.

മന്ത്രിമാരാകട്ടെ വിദേശകരാറുകളുടെ സാങ്കേതികത്വം പറഞ്ഞ് ഒ‍ഴിഞ്ഞുമാറി.
ഇതിനിടയിലാണ് സ്വിസ് നാഷണല്‍ ബാങ്ക് നിര്‍ണ്ണായകമായ ഒരു വെളിപ്പെടുത്തല്‍
നടത്തിയത്.

2017ല്‍ സ്വിസ് ബാങ്കുകളിലുളള ഇന്ത്യക്കാരുടെ നിേക്ഷപത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50% വര്‍ദ്ധന ഉണ്ടായതായി സ്വിസ് നാഷണല്‍ ബാങ്ക് വെളിപ്പെടുത്തി.
പോയവര്‍ഷത്തില്‍ സ്വിസ് ബാങ്കുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒ‍ഴുകിയെത്തിയത്
7000 കോടി രൂപയായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍റെില്‍ നിന്ന് കളളപ്പണം
പിടിച്ചടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതെങ്ങനെ സംഭവിച്ചു?

2018 ജൂണ്‍ 30ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജേറ്റ്ലിയുടെ മറുപടി ഇങ്ങനെയായിരുന്നു,
“സ്വിസ് ബാങ്കിലെ നിക്ഷേപങ്ങളില്‍ കളളപ്പണം മാത്രമല്ല,നിയമപരമായ
നിക്ഷേപങ്ങളും ഉണ്ട്” ഒരു ഇന്ത്യക്കാരന് നിയമപരമായ നിക്ഷേപം നടത്താന്‍ ഇന്ത്യയില്‍ തന്നെ എണ്ണിയാല്‍ തീരാത്ത ബാങ്കുകള്‍ ഉണ്ട്.

പിന്നെ എന്തിന് അങ്ങകലെ സ്വിസ്റ്റര്‍ലന്‍റെില്‍ പോകണം?.നിയമപരമായ നിക്ഷേപമാണെങ്കില്‍ അവരുടെ പേരും വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാവില്ലേ? അവരുടെ പേരുകളെങ്കിലും ജേറ്റ്ലിക്ക് ജനസമക്ഷം വെയ്ക്കാനാകുമോ?

നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നതാണ് സ്വിസ്
നിക്ഷേപങ്ങളുടെ സവിശേഷത.ഇതെല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ
രഹസ്യമാണ്. എന്നിട്ടും അവിടുത്തെ ബാങ്കുകളിലെ കളളപ്പണ നിക്ഷേപകരെ വെളളപൂശാന്‍ അരുണ്‍ജേറ്റ്ലി വിയര്‍ക്കുകയാണ്.

ഓരോ ഇന്ത്യക്കാരന്‍റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് 2014ല്‍ പറഞ്ഞവര്‍ 2018ല്‍ കളളപ്പണക്കാര്‍ക്ക് വേണ്ടി ന്യായീകരണങ്ങള്‍ നിരത്തി പരിഹാസ്യരാവുകയാണ്

നോട്ട് നിരോധനം
———————
2016 നവംമ്പര്‍ 8നാണ് നരേന്ദ്രമോദി രാജ്യത്ത് 500,1000 രൂപനോട്ടുകള്‍
അസാധുവാക്കിയത്.പെട്ടെന്നുളള പ്രഖ്യാപനം ജനജീവിതം സ്തംഭിപ്പിച്ചു.
നോട്ട് മാറ്റാനായുളള നീണ്ട വരികളില്‍ നിന്നവരില്‍ പലരും കു‍ഴഞ്ഞുവീണ്
മരിച്ചു.

കാര്‍ഷിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും
സ്തംഭനമുണ്ടായി.വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ കളളപ്പണക്കാരുടെ
വക്താക്കളെന്ന് മുദ്രകുത്തി.കളളപ്പണക്കാര്‍ പിടിക്കപ്പെടട്ടെ എന്ന
ആഗ്രഹത്തോടെ ജനങ്ങള്‍ എല്ലാബുദ്ധിമുട്ടുകളും സഹിച്ചു.

നോട്ട് മാറ്റത്തിലൂടെ എത്ര കളളപ്പണം പിടികൂടി?

നോട്ട് മാറ്റം പ്രഖ്യാപിച്ച സമയത്ത് രാജ്യത്ത് 17 ലക്ഷം കോടിയുടെ പണമാണ് ഉണ്ടായിരുന്നത്.ഇതിലെ 21% മുതല്‍ 22 % വരെ കളളപ്പണമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ആകെയുളള പണമായ 17 ലക്ഷം കോടിയുടെ 86% അഥവാ 15.44 ലക്ഷം കോടി 500,1000 രൂപ കറന്‍സികളായാണ്പലരുടേയും കൈകളിലായി സൂക്ഷിച്ചിരുന്നത്.ഇതിലെ 3 ലക്ഷം കോടിയെങ്കിലും കളളപ്പണമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ അനുമാനം.

ഇത്രയും കളള പ്പണം ഇല്ലാതാക്കാന്‍ നോട്ട് മാറ്റം കൊണ്ട് സാധിക്കുമെന്നായിരുന്നു സര്‍ക്കാറിന്‍റെ ്അവകാശവാദം. എന്നാല്‍ സംഭവിച്ചതെന്താണ്? അസാധുവാക്കിയ നോട്ടുകളിലെ 99% ും റിസര്‍വ് ബാങ്കില്‍ മടങ്ങിയെത്തി.

അപ്പോള്‍ 3 ലക്ഷം കോടിയുടെ കളളപ്പണം എവിടെപ്പോയി്? ചിലര്‍ നോട്ട് നിരോധനം സമര്‍ത്ഥമായി വിനിയോഗിച്ച് വന്‍തുകയുടെ കളളപ്പണം വെളുപ്പിച്ചെന്ന് വ്യക്തം.

ഇനി ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കിന്‍റെ കാര്യമെടുക്കാം.
ബി ജെ പി നേതാവ് അമിത് ഷാ ഇന്നും ഈ ബാങ്കിന്‍റെ ഡയറക്ടര്‍ ആണ്. നേരത്തെ ചെയര്‍മാനായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ചത് 2016 നവംമ്പര്‍ 8 നായിരുന്നു.

തൊട്ടടുത്ത 5 ദിവസങ്ങള്‍ക്കുളളില്‍ ഈ ബാങ്കില്‍ മാറ്റപ്പെട്ടത് 745.59 കോടി രൂപയുടെ 500 രൂപ,1000 രൂപ നോട്ടുകള്‍ ആയിരുന്നു.രാജ്യത്തെ മറ്റെല്ലാബാങ്കുകളും പുതിയ നോട്ടുകള്‍ ഇല്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഇവിടെ മാത്രം എങ്ങനെ ഇത്രയും നോട്ടുകളെത്തി?

ഇവിടെ നോട്ടുകള്‍ മാറ്റിയവര്‍ ആരെല്ലാമാണ്? ഇവരുടെ പശ്ചാത്തലം
എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഈ വിഷയം മുന്‍ നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ നോട്ട് നിരോധനം ആരെയാണ് സഹായിച്ചതെന്ന് വ്യക്തമാകും.

കളളപ്പണം പിടിക്കാനെന്ന പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പലപ്പോ‍ഴായി
പ്രഖ്യാപിച്ച പദ്ധതികളെല്ലാം പരാജയമായിരുന്നു.2015ല്‍ ആയിരുന്നു തുടക്കം.
വിദേശത്ത് കളളപ്പണമുളളവര്‍ക്ക് സ്വമേധയാ വെളിപ്പെടുത്തല്‍ നടത്തി
ശിക്ഷ ഒ‍ഴിവാക്കാനുളള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതി
പരിഹാസ്യമായി.

വെളിപ്പെടുത്തലിലൂടെ സര്‍ക്കാറിന് ലഭിച്ചത് വെറും 2400 കോടി രൂപ.2016 സെപ്തംബറില്‍ വരുമാനം വെളിപ്പെടുത്താന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.

കളളപ്പണക്കാരെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും കളളപ്പണക്കാര്‍ കുലുങ്ങിയില്ല.2016 ഡിസംബറില്‍ ഗരീബ് കല്ല്യാണ്‍ യോജന എന്ന പേരില്‍ കൊണ്ടുവന്ന പദ്ധതിയും
ലക്ഷ്യം കണ്ടില്ല. വിവിധ കളളപ്പണ വിരുദ്ധ യത്നങ്ങളിലൂടെ
സര്‍ക്കാറിന് ലഭിച്ചത് കളളപ്പണത്തിന്‍റെ വെറും 0.21% മാത്രം

പാനമ പേപ്പറുകളും ഇന്ത്യയും
—————————————–

കളളപ്പണം കണ്ടെത്തുന്നതിലും കളളപ്പണക്കാരെ ശിക്ഷിക്കുന്നതിലും ഉളള താല്പര്യക്കുറവ് ഇന്ത്യയില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് കോടീശ്വരന്‍മാരായ കളളപ്പണക്കാരാണ്.

സര്‍ക്കാറുകളുടെ കളളക്കളി തുറന്നുകാട്ടുന്നതിനായാണ് 2016ല്‍ അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ ഇന്‍റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ്
ജേര്‍ണലിസ്റ്റ് ഈ വിഷയം മുന്‍നിര്‍ത്തി അന്വേഷണം ആരംഭിച്ചത്.

കളളപ്പണ നിക്ഷേപങ്ങളുടെ മുഖ്യ ആസൂത്രണം പാനമയാണെന്ന് മാധ്യമകൂട്ടായ്മ കണ്ടെത്തി. പാനമയില്‍ മൊസാക് ഫോന്‍സേക എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന നിയമകാര്യ കമ്പനിയായിരുന്നു മുഖ്യ ആസൂത്രകന്‍.

കമ്പനി കളളപ്പണക്കാരെ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും. ഇടപാടുകളുമായി ബന്ധപ്പെട്ട 12 ലക്ഷം രേഖകള്‍ മാധ്യമ കൂട്ടായ്മ ചോര്‍ത്തിയെടുത്തു. രാജ്യങ്ങള്‍ തിരിച്ച് കളളപ്പണക്കാരുടെ പേര് വിവരങ്ങള്‍
പ്രസിദ്ധീകരിച്ചു.

ആദ്യം പാകിസ്ഥാനിലേയ്ക്ക് വരാം.പ്രധാന മന്ത്രിയായിരുന്ന നവാഷ് ഫെരീഫിന്‍റെ മകളുടേയും മരുമകന്‍റേയും പേരുകള്‍ പാനമ പേപ്പറുകളില്‍ ഉണ്ടായിരുന്നു. വിഷയം പാക്കിസ്ഥാനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.പാക്ക് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടു.

വിശദമായ അന്വേഷണം നടന്നു.നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. പാക്ക് കോടതി നവാസ് ഷെരീഫിന് 10 വര്‍ഷത്തെ തടവ് ശിക്ഷവിധിച്ചു. ഇപ്പോള്‍ നവാസ് ഷെരീഫ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ഇനി ഇന്ത്യയിലേയ്ക്ക്. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി,അമിതാ ബച്ചന്‍ െഎശ്വര്യാ റായ്, റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡി എല്‍ എഫിന്‍റെ മേധാവി കെ പി സിംഗ് എന്നിങ്ങനെ നിരവധി പ്രമുഖരുടെ പേരുകള്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം പുറത്ത് വിട്ടു.

ചില ചെറുമീനുകള്‍ക്കെതിരെ ലഘുവായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതൊ‍ഴിച്ചാല്‍ കാര്യമായ നടപടിയൊന്നും ഇന്ത്യയില്‍ ഉണ്ടായില്ല. എങ്ങനെ വമ്പന്‍ സ്രാവുകളെ തൊടാനാകും? പ്രാധാനമന്ത്രി നരേന്ദ്രമോദിക്ക് മോഹന്‍ ഭാഗവതിനേക്കാളും അമിത് ഷായേക്കാളും വിശ്വാസം ഗൗതം അദാനിയെന്ന
വ്യവസായിയെയാണ്.

ഗുജറാത്തിലെ നാട്ടുകച്ചവടക്കാരനായിരുന്ന അദാനിയെ “അച്ഛന്‍ മകനെ വളര്‍ത്തുന്നതുപോലെ” വളര്‍ത്തി വലുതാക്കി ആഗോള വ്യവസായ ഭീമനാക്കിയത് നരേന്ദ്രമോദിയാണ്.

പകരം ബി ജെ പിയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് പണം ഒ‍ഴുക്കി അദാനി മോദിയെ സഹായിക്കുന്നു. അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ കളളപ്പണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭൂകമ്പമുണ്ടാകും.

എന്നാല്‍ ഇടതിപക്ഷമൊ‍ഴികെയുളളവര്‍ക്കൊന്നും ഈ വിഷയത്തില്‍ താല്പര്യമില്ല.മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാം മോദിയേയും അദാനിയേയും ഭയമാണ്.

പണമൊ‍ഴുകിയ തിരഞ്ഞെടുപ്പ്
————————————–

2014ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദില്ലി ആസ്ഥാനമായുളള സെന്‍ട്രല്‍ ഫോര്‍
മീഡിയ സ്റ്റഡീസ് തിരഞ്ഞെടുപ്പില്‍ ഒ‍ഴുകാന്‍ പോകുന്ന പണത്തെ സംമ്പന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു.30,000 കോടി രൂപ ഒ‍ഴുകുമെന്നായിരുന്നു സി എം എസ്സിന്‍റെ അനുമാനം.

ഇതിലെ സിംഹഭാഗവും കളളപ്പണമാകുമെന്നും സി എം എസ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രകൃയ ചിലവേറിയതാണ്.തിരഞ്ഞെടുപ്പ് കമ്മീഷനും റെയില്‍വെയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുമെല്ലാമായി 7000 കോടി മുതല്‍ 8000 കോടി വരെ ചിലവ് വരും.കമ്മീഷന്‍റെ കണക്കുപ്രകാരം ഒരു വോട്ടര്‍ക്കായി സര്‍ക്കാര്‍ ചിലവ‍ഴിക്കുന്നത് 17 രൂപയാണ്.

തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവ‍ഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമായി കമ്മീഷന്‍ ഉയര്‍ത്തി. എന്നാല്‍ ഔദ്യോഗിക ചിലവുകളേക്കാള്‍
എത്രയോ ഇരട്ടിയാണ് കളളപ്പണമായി ഒ‍ഴുകിയത് .

കോര്‍പ്പറേറ്റുകളും കരാറുമാരും മാഫിയകളും ഖനി ഉടമകളുമെല്ലാം പണമൊ‍ഴുക്കി.സി എം എസ്സിന്‍റെ കണക്ക് പ്രകാരം ഒരു വോട്ടര്‍ക്കായി ഇന്ത്യയില്‍ കളളപ്പണമായും വെളളപ്പണമായും ചെലവ‍ഴിക്കപ്പെടുന്നത് 400 രൂപ മുതല്‍ 500 രൂപ വരെയാണ്.

കോര്‍പ്പറേറ്റുകള്‍ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നതിന്‍റെ
ഉദാഹരണമാണ് 2012ലെ അന്താരാഷ്ട്ര വ്യവസായ ഭീമനായ വേദാന്ത ഗ്രൂപ്പിന്‍റെ
വാര്‍ഷിക റിപ്പോര്‍ട്ട് .

തൊട്ട് മുമ്പുളള 3 വര്‍ഷങ്ങളിലായി ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 28 കോടി രൂപ നല്കിയെന്നായിരുന്നു വേദാന്തയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പരാമര്‍ശം. അനില്‍ അഗര്‍വാള്‍ എന്ന വിദേശ ഇന്ത്യക്കാരനാണ് വേദാന്തയുടെ ഉടമ.

വേദാന്തയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനികള്‍ മുഖേനയാണ് കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പണം എത്തിയത്. നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഇലക്ടറല്‍ റിഫോംസ് എന്ന സംഘടന ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

ദില്ലി ഹൈക്കോടതി ബി ജെ പിയും കോണ്‍ഗ്രസ്സും നിയമവിരുദ്ധമായാണ് പണം കൈപ്പറ്റിയതെന്ന് വിധിച്ചു.എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. വിദേശ സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ കൈപ്പറ്റുന്നതിലുളള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ നീക്കം ചെയ്തു.

ഇതിനായി ബി ജെ പിയും കോണ്‍ഗ്രസ്സും പാര്‍ലമെന്‍റില്‍ കൈകോര്‍ത്തു. ഇടതുപക്ഷവും ആംഅദ്മി പാര്‍ട്ടിയും മാത്രമാണ് എതിര്‍ത്തത്. പ്രതിപക്ഷ ബഹളം എന്ന കാരണം പറഞ്ഞ് ഒരു ചര്‍ച്ചപോലും നടത്താതെയാണ് 2018 മാര്‍ച്ച് 18 ന് ലോകസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.

ഇതുകൊണ്ടും തീര്‍ന്നില്ല.വ്യവസായികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. സ്ഥാപനത്തിന്‍റെ ലാഭത്തിന്‍റെ 7.5%ത്തില്‍ അധികം സംഭാവന നല്കരുതെന്നതായിരുന്നു ഒരു പ്രധാന വ്യവസ്ഥ.

എന്നാല്‍ ഈ വ്യവസ്ഥ നിയമ ഭേദഗതിയിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത്
കളഞ്ഞു. ഏതെല്ലാം പാര്‍ട്ടികള്‍ക്കാണ് സംഭാവന നല്കിയതെന്ന് വ്യവസായ ഭീമന്‍മാര്‍ വരവ് ചെലവ് കണക്കുകളില്‍ കാണിക്കണമെന്ന സുപ്രധാന വ്യവസ്ഥയും ഒ‍ഴിവാക്കി.

ഇതോടെ കോര്‍പ്പറേറ്റുകള്‍ക്ക് നിര്‍ബാധം വെളളപ്പണവും കളളപ്പണവും ഒ‍ഴുക്കാനുളള അവസരമൊരുങ്ങി. ഇതിന്‍റെ പ്രതിഫലനം സര്‍ക്കാര്‍ നയങ്ങളില്‍ പ്രകടമായി. ഖനികളും സമുദ്ര തീരങ്ങളും ഊര്‍ജ്ജ സോത്രസ്സുകളുമെല്ലാം സ്വകാര്യ വ്യവസായ ഭീമന്‍മാരുടെ കൈപ്പിടിയിലായി.

നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന്ശേഷം ഇതുവരെ പത്രസമ്മേളനം
നടത്തിയിട്ടില്ല.കാരണം ” പ്രധാനമന്ത്രീ , ആ 15 ലക്ഷം എപ്പോള്‍ എന്‍റെ അക്കൗണ്ടില്‍ വരും?” എന്ന ചോദ്യത്തെ പ്രധാനമന്ത്രി
ഭയയ്ക്കുന്നു.

വരുന്ന ലേക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ചോദ്യത്തിനുളള ഉത്തരമാണ് പ്രധാനമന്ത്രിയില്‍ നിന്ന് രാജ്യം കേള്‍ക്കാനാഗ്രഹിക്കുന്നത്.