ജനന സര്‍ട്ടിഫിക്കറ്റോ ആര്‍ത്തവവിരാമത്തിന്‍റെ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റോ, ശബരിമലയില്‍ കയറാന്‍ സ്ത്രീകള്‍ ഏതാണ് ഹാജരാക്കേണ്ടത്?; സിവി ബാലകൃഷണന്‍ ചോദിക്കുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി വിധിയെ അനുകൂലിച്ച് സംസാരിച്ചതിന് തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണത്തെ കാര്യമാക്കുന്നില്ലെന്ന് എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍.

”ഇ‍വിടെ ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹം വിധിയെ സ്വാഗതം ചെയ്യണമെന്ന് തന്നെയാണ് തന്‍റെ അഭിപ്രായം. വിശ്വാസികളായ മു‍ഴുവന്‍ പേര്‍ക്കും ശബരിമലയില്‍ പോകാന്‍ ക‍ഴിയണം”

ക‍ഴിഞ്ഞ ദിവസം കൈരളി-പീപ്പിള്‍ ടിവിയിലൂടെ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫേസ് ബുക്കിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദങ്ങളൊന്നും താന്‍ വായിക്കാന്‍ പോയിട്ടില്ലെന്നും കാര്യമാക്കുന്നില്ലെന്നും സിവി ബാലകൃഷ്ണന്‍ കൈരളി ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

“ചെന്നൈയിലെ മഹാലിംഗ പുരത്തും പൂനെയിലും അയ്യപ്പക്ഷേത്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്.

മഹാലിംഗപുരത്ത് ഐവി ശശിയുടെയും കെപി ഉമ്മറിന്‍റെയും വീട്ടിനടുത്തുള്ള ആ അയ്യപ്പക്ഷേത്രത്തില്‍ താനും സക്കറിയയും പണ്ട് പോയിട്ടുണ്ട്. അവിടങ്ങളിലെ അയ്യപ്പനില്ലാത്ത എന്ത് നൈഷ്ഠിക ബ്രഹ്മചര്യമാണ് ശബരിമല അയ്യപ്പനുള്ളത്? ആര്‍ത്തവവുമായി ബന്ധപ്പെട്ട് പറയുന്ന പ്രായപരിധിക്കും ശാസ്ത്രീയ അടി സ്ഥാനമില്ല.

പത്തുവയസ്സിന് മുമ്പ് ആര്‍ത്തവം സംഭവിക്കുന്ന പെണ്‍കുട്ടികളുണ്ട്. അമ്പത് വയസ്സിനു ശേഷവും ആര്‍ത്തവം നിലക്കാത്തവരുണ്ട്. ഇരുപത് വയസ്സ് ക‍ഴിഞ്ഞിട്ടും ആര്‍ത്തവം സംഭവിക്കാത്ത എത്രയോ കേസുകള്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.

അപ്പോള്‍ ജനനത്തീയതിയുടെ സര്‍ട്ടിഫിക്കറ്റോ ആര്‍ത്തവ വിരമാത്തിന്‍റെ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റോ, ഏതാണ് ശബരിമലയില്‍ കയറാന്‍ സ്ത്രീകള്‍ ഹാജരാക്കേണ്ടത്?” സിവി ബാലകൃഷ്ണന്‍ ചോദിക്കുന്നു.

1975ന് മുമ്പ് വരെ സ്ത്രീകള്‍ യഥേഷ്ടം കയറിയ ക്ഷേത്രമാണ് ശബരിമല. അതുകൊണ്ട് കോടതി വിധിയിലൂടെ സ്ത്രീകളുടെ ക്ഷേത്രപ്രവേശനാവകാശം ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. അതുകൊണ്ട് പുനപ്പരിശോധനയ്ക്കുള്ള നീക്കമാണ് പ്രാകൃതമെന്നും അദ്ദേഹം പറഞ്ഞു.

”അയ്യപ്പനേക്കാള്‍ വലിയ ബ്രഹ്മചാരിയാണ് സുബ്രഹ്മണ്യന്‍. ബ്രഹ്മചാരി തന്നെയാണ് ഗണപതിയും. ഈ ദൈവ്വങ്ങളുടെ ക്ഷേത്രങ്ങളിലൊന്നും സ്ത്രീകള്‍ക്ക് വിലക്കില്ല. അതുകൊണ്ട് അയ്യപ്പക്ഷേത്രത്തിലെ സ്ത്രീ വിലക്കിന് വിശ്വാസങ്ങളുടെ പേരില്‍ പോലും നിലനില്‍പ്പില്ല.

മലയാളി ഹൗസ് പോലുള്ള ഏറ്റവും ആഭാസകരമായ ടെലിവിഷന്‍ പരിപാടികളിലൂടെ പേരെടുത്ത രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരാണ് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ചും പ്രസംഗിക്കുന്നത്.

ശോഭാ ജോണിന്‍റെ കേസറിയാവുന്ന മലയാളികളോടാണ് തന്ത്രിമുഖ്യന്മാരുടെ ബ്രഹ്മചര്യത്തെക്കുറിച്ചും ആചാര നിഷ്ഠയെക്കുറിച്ചൊക്കെ അയാള്‍ വീമ്പിളക്കുന്നത്” സിവി ബാലകൃഷ്ണന്‍ പരിഹസിച്ചു.

താന്‍ ഇതുവരെ ശബരിമലയില്‍ പോയിട്ടില്ലെന്നും പോകാന്‍ ഇനിയും താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞെരിയാനും മാലിന്യപ്പു‍ഴയില്‍ മുങ്ങാനും താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്.

എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇടക്കിടെ പോകാറുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ ക്ഷേത്രത്തില്‍ ഏകാന്തമായി എത്രസമയം വേണമെങ്കിലും ഇരിക്കാറുണ്ട്.

തലക്കാവേരി ക്ഷേത്രത്തിലും പോകാറുള്ളതാണ്. എന്നാല്‍ ശബരിമലയില്‍ പോകണമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്നും സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News