ശബരിമല സ്ത്രീപ്രവേശനം: യുഡിഎഫും ബിജെപിയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സുപ്രീം കോടതിയില്‍ 2007ല്‍ ഉണ്ടായ ഒരു കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍, ഒരു കമ്മീഷനെ വയ്ക്കുന്നതാകും നല്ലതെന്ന അപേക്ഷയാണ് കോടതിയുടെ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്നും കടകംപള്ളി വ്യക്തമാക്കി.

അതും തള്ളിയാണ് സുപ്രീംകോടതി ഇപ്പോഴത്തെ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണകള്‍ പരത്തിയിട്ടാണ് ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവ് തന്നെ പറയുന്നു ചോദിച്ചുവാങ്ങിയ വിധിയാണെന്ന്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നല്ല സര്‍ക്കാര്‍ പറഞ്ഞത്.

വിശ്വാസികള്‍ക്കിടയില്‍ ഒരു തര്‍ക്ക പ്രശ്‌നം ഉണ്ടാവുകയും ഹിന്ദു മതത്തെ സംബന്ധിച്ച് അഴത്തില്‍ അറിവുള്ള ഒരു സമുന്നത വ്യക്തിത്വം അടങ്ങിയ കമ്മീഷനെ വച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതാകും ഉചിതമെന്നുമാണ് 2007ലെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഭരണഘടന ബെഞ്ചാണ് അത് തള്ളി ഇപ്പോള്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

ഭരണഘടനാ പ്രശ്‌നം വളരെ കൃത്യമായി കോടതി കൈകാര്യം ചെയ്തിട്ടുണ്ട്. റിവ്യൂ ഹര്‍ജി ആരെങ്കിലും നല്‍കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി പുതിയ തീരുമാനം എടുക്കുകയാണെങ്കില്‍ ആ തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here