മുന്‍മിര ഈ കൊമേ‍ഴ്സ് സ്ഥാപനങ്ങളായ ആമസോണിന്‍റെയും ഫ്ലിപ്കാര്‍ട്ടിന്‍റെും ഈ വര്‍ഷത്തെ സൂപ്പര്‍ സെയിലിന് ബുധനാ‍ഴ്ച തുടക്കമാകും. പതിവു പോലെ സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ബുധനാ‍ഴ്ച മുതല്‍ ഈ മാസം 15 വരെയാണ്. ബുധനാ‍ഴ്ച അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. 15ന് രാത്രി 11.59ന് വില്‍പന അവസാനിക്കും. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, വലിയ വീട്ടുപകരണങ്ങള്‍, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉൽപന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ ഇളവുകളും ഡീലുകളും ഒരുക്കിയിട്ടുണ്ട്.

ചില ബ്രാൻഡുകളിൽ പകുതി വിലയ്ക്ക് സ്മാർട് ഫോണുകളും മുന്നിലൊന്ന് വിലയ്ക്ക് സ്മാർട് ടിവികളും ലഭിക്കുമെന്ന് കമ്പിനി അറിയിക്കുന്നു. വണ്‍പ്ലസ്, ഗൂഗിള്‍, ഉള്‍പ്പടെയുള്ള ബ്രാന്റുകളില്‍ നിന്നുള്ള ഉപകരണങ്ങളും ലാപ്‌ടോപ്പുകള്‍, ക്യാമറ, സ്പീക്കറുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും വിലക്കുറവിലുണ്ടാവും. 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവിലായിരിക്കും വസ്ത്ര വില്‍പന. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

ആമസോണ്‍ വെബ്‌സൈറ്റില്‍ ആമസോണ്‍ ഫെസ്റ്റീവ് ഹോം എന്ന പേജിലായിരിക്കും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന മേള നടക്കുക. ഫെസ്റ്റീവ് ഹോമില്‍ ആമസോണ്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പുതിയ എക്കോ മോഡലുകളും വില്‍പനയ്ക്കുണ്ടാവും. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ടാവും. ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, എക്‌സചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാവും.

ബിഗ് ബില്യണ്‍ ഡേ

ബുധനാ‍ഴ്ച മുതൽ ഈ മാസം 14വരെയാണ് ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യണ്‍ ഡേ സെയിൽ. ഗാഡ്ഗറ്റിനും ആക്സസറികള്‍ക്കും 80 ശതമാനം വിലക്കുറവാണ് ഫ്ലിപ്പ് കാര്‍ഡിന്‍റെ വാഗ്ദാനം. 45,990 രൂപ വിലയുള്ള സാംസങ്ങ് ഗാലക്സി എസ് 8 ഫോണ്‍ 29,990 രൂപയ്ക്കും ഷവോമിയുടെ എം ഐ മിക്സ് 2 7000 രൂപ ഡിസ്കൗണ്ടില്‍ 22,999 രൂപയ്ക്കും ഈ ദിവസങ്ങളില്‍ ലഭിക്കും.

ഹൊനോര്‍, ആസൂസ്, നോക്കിയ തുടങ്ങിയ ബ്രാന്‍ഡ് ഫോണുകള്‍ക്കും വമ്പന്‍ ആനുകൂല്യങ്ങളുണ്ട്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും 50 ശതമാനവും ലാപ്ടോപ്പുകള്‍ക്ക് 40 ശതമാനവും ഫാഷന്‍/ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലെ ഉത്പന്നങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും 80 ശതമാനവും കി‍ഴിവാണ് ഫ്ലിപ്കാര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്.

എച്ച് ഡി എഫ് സി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡു വ‍ഴിയുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം അധിക ആനുകൂല്യവും ഫ്ലിപ്കാര്‍ട്ട് നല്‍കും. എക്സ്ചേഞ്ച് സൗകര്യത്തിനൊപ്പം പലിശ രഹിത ഇ എം ഐ സൗകര്യവും ഫ്ലിപ്പ്കാര്‍ട്ടൊരുക്കിയിട്ടുണ്ട്.