തിരുവനന്തപുരം: മലയാളത്തിനു നിരവധി മധുരഗീതങ്ങള്‍ സമ്മാനിച്ച പ്രിയ ഗായകന്‍ വിധു പ്രതാപ് ആലപിച്ച പുതിയ ഗാനം ‘മഴയിലും ചേലായ്’ പുറത്തിറങ്ങി. ‘ഈണത്തില്‍ പാടിയ പാട്ടി’നുശേഷം ഗ്രീന്‍ ട്യൂണ്‍സ് പുറത്തിറക്കുന്ന രണ്ടാമത്തെ ഗാനമാണിത്.

അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിനു നവാഗതനായ ഹരിമഹേഷാണ് ഈണം പകര്‍ന്നത്. ഗാനരംഗങ്ങളുടെ സംവിധാനം ശാലു മങ്ങാട്ട്. ഛായാഗ്രഹണം ബ്രിജേഷ് പെരിഞ്ചേരിയും രാജേഷ് മല്ലശേരിയും. എഡിറ്റിങ് അരുണ്‍ ദാസ്. നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയത് സുധീഷ് കരിയം. ഗ്രാഫിക് ഡിസൈന്‍ വരുണ്‍ മോഹന്‍.

മഴയിലും ചേലായ പ്രണയാനുഭവങ്ങളെ സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആസ്വാദകഹൃദയത്തിലേക്കു സന്നിവേശിപ്പിക്കാന്‍ വിധു പ്രതാപിനു കഴിഞ്ഞിട്ടുണ്ട്. മനോഹരമായ വരികളും അതിനൊത്ത ഈണവും ഗാനത്തെ ആകര്‍ഷകമാക്കുന്നു. ശരത് മോഹനും അഞ്ജന മേനോനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

നല്ല പാട്ടിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ശ്രോതാക്കള്‍ നെഞ്ചോടുചേര്‍ത്ത ഗാനമായിരുന്നു ‘ഈണത്തില്‍’. ഉണ്ണിമേനോന്‍ പാടിയ ഈ ഗാനത്തിനു ലഭിച്ച സ്വീകാര്യത മഴയുടെ ചേലുള്ള പുതിയ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.