കോൺഗ്രസ്‌‐ബിജെപി സമരം ഭരണഘടനയോടുള്ള വെല്ലുവിളി; ആർഎസ്‌എസിന്റെ മെഗാ ഫോണായി കെപിസിസി നേതൃത്വം അധഃപതിച്ചു ; സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കണം: കോടിയേരി

തിരുവനന്തപുരം: കേരളത്തിലൊരു കലാപം സംഘടിപ്പിക്കാനുള്ള ആർഎസ്‌എസിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും നീക്കത്തെ ശക്തമായി ചെറുത്തുതോൽപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും പുരോഗമന പാരമ്പര്യവുമുയർത്തിപ്പിടിക്കാനുള്ള ഒരവസരമായി കേരളമിതിനെ കാണണമെന്നാണ്‌ സിപിഐ എം അഭ്യർഥിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിധിയെ തുടർന്ന്‌ ബിജെപിയും കോൺഗ്രസും നടത്തുന്ന സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു കോടിയേരി.

ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട്‌ മുൻ കാലങ്ങളിൽ കോൺഗ്രസ്‌ സ്വീകരിച്ചിട്ടുള്ളതിൽ നിന്ന്‌ വ്യത്യസ്‌തമായ സമീപനമാണിപ്പോൾ. സ്‌ത്രീകൾ ഒഴികെയുള്ളവർക്ക്‌ ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയല്ല കെ കേളപ്പനും ടി കെ മാധവനും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രവർത്തിച്ചത്‌.

ആ പാരമ്പര്യം കളഞ്ഞുകുളിച്ച്‌ ബിജെപി നേതൃത്വത്തെ തൃപ്‌തിപ്പെടുത്താൻ ആർഎസ്‌എസിന്റെ മെഗാ ഫോണായി കെപിസിസി നേതൃത്വം അധഃപതിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ഈ ആത്മഹത്യാപരമായ സമീപനം തിരുത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം ‐ അദ്ദേഹം പറഞ്ഞു.

ഈ കോടതി വിധി നടപ്പാക്കുക എന്നതു മാത്രമേ നിയമവാഴ്‌ചയുള്ള ഒരു രാജ്യത്ത്‌ സാധ്യമായിട്ടുള്ളൂ. അതിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ സർക്കാർ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്‌ത്‌ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്‌. ദേവസ്വം ബോർഡും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. സമൂഹം ഒറ്റക്കെട്ടായി ഇതിന്റെ കൂടെനിൽക്കുകയാണ്‌ ചെയ്യേണ്ടത്‌.

ഇതൊരു ചരിത്രപരമായ വിധിയാണ്‌. സ്‌ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സുപ്രീം കോടതി എടുത്ത ഭരണഘടനാപരമായ ഒരു നിലപാടാണിത്‌. ഇതിനെതിരായ സമരം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌.

നമ്മുടെ രാജ്യത്തെ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്ന സമരമാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സമരത്തിൽ നിന്ന്‌  പിൻതിരിയണം. ഇതാവശ്യപ്പെട്ട്‌ വിപുലമായ ക്യാമ്പയിൻ സിപിഐ എം സംഘടിപ്പിക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ചചെയ്‌ത്‌ ഇത്തരം പ്രചരണ പരിപാടികളിലേക്ക്‌ പോകേണ്ടി വരും ‐ അദ്ദേഹം വ്യക്തമാക്കി. കേരളം ആർഎസ്‌എസിന്‌ വിധേയപ്പെടാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News