എട്ട് വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ്; 20 റണ്‍സിലൊതുങ്ങി ഐസിസി ടി-20 ക്രിക്കറ്റ് 

റണ്‍മ‍ഴ പെയ്യേണ്ട ട്വന്‍റി-20 ക്രിക്കറ്റില്‍ 20 റണ്‍സില്‍ മത്സരം അവസാനിച്ചത് കണ്ട അമ്പരപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സ്കൂള്‍ കുട്ടികളുടെ ക്രിക്കറ്റല്ല, ഐ സി സിയുടെ ലോക ട്വന്‍റി-20 മേഖലാ റൗണ്ട് മത്സരത്തിലാണ് ഈ അത്ഭുത കളി.. മത്സരത്തില്‍ ആകെ ഏറിഞ്ഞത് 11.5 ഓവര്‍, വീണത് 10 വിക്കറ്റ്, , ഇരു ടീമുകളും കൂടി നേടിയതാ 20 റണ്‍സ്.

മലേഷ്യയിൽ നടക്കുന്ന ഐസിസി ലോക ട്വന്‍റി-20 ഏഷ്യൻ മേഖലാ യോഗ്യതാ മൽസരത്തിൽ ആതിഥേയരായ മലേഷ്യയും മ്യാൻമറും തമ്മിൽ നടന്ന മൽസരത്തിലാണ് റണ്‍മ‍ഴയ്ക്ക് പകരം വിക്കറ്റ് പെയ്ത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മ്യാന്‍മറിന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ തന്നെ മ്യാന്‍മറിന് രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് യഥാര്‍ത്ഥ മ‍ഴയെത്തിയതോടെ മ്യാൻമറിന്‍റെ ഇന്നിങ്ങ്സ് 10.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസിന് അവസാനിച്ചു.

നാല് ഓവറിൽ ഒരു റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പവൻദീപ് സിങ്ങാണ് മ്യാന്‍മറിനെ തകർത്തത്.

പവന്‍റെ നാലിൽ മൂന്ന് ഓവറും മെയ്ഡൻ ആയിരുന്നു. മ്യാൻമർ നിരയിൽ ആറു പേരാണ് പൂജ്യത്തിനു പുറത്തായത്. 3 എക്സ്ട്രാ റണ്‍സും കോ ഓങ്ങുമാണ് ടോപ് സ്കോറര്‍മര്‍. 12 പന്തിൽനിന്നാണ് കോ ഓങ്ങ് മൂന്നു റൺസെടുത്തത്.

ക്യാപ്റ്റൻ ലിൻ ഓങ് 17 പന്തിൽ രണ്ടു റൺസെടുത്തപ്പോൾ, അക്കൗണ്ട് തുറന്ന മൂന്നാമത്തെ ബാറ്റ്സ്മാനായ ലിൻ ഊ ഏഴു പന്തിൽ ഒരു റണ്ണെടുത്തു. മ‍ഴമാറിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അമ്പയര്‍മാര്‍ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറിൽ ആറു റൺസായി പുനർനിർണയിച്ചു.

പക്ഷേ മലേഷ്യയ്ക്കും തുടക്കം പിഴച്ചു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർമാർ സംപൂജ്യരായി പുറത്ത്. നേരിട്ട മൂന്നാം പന്ത് സിക്സിനു പറത്തി സുഹാൻ അലഗരത്നമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here