റഫേല്‍ ഇടപാടില്‍ കേന്ദ്രത്തിന് തിരിച്ചടി; കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ്

റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഒക്ടോബര്‍ 29നകം സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.വിവാദമായ റഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജികളില്‍ ആണ് കോടതിയുടെ ഇടപെടല്‍.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിവാദമായ റഫേല്‍ കരാറുമായി ബന്ധപ്പെട്ട് മൂന്നു പൊതു താല്പര്യ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് ഹര്‍ജികളില്‍ ഒരു ഹര്‍ജി പിന്‍വലിച്ചു. തെഹ്സീന്‍ പുനെവാല ആണ് ഹര്‍ജി പിന്‍വലിച്ചത്.

റാഫേല്‍ കരാറിനു പിന്നില്‍ വന്‍ അഴിമതിയാണുള്ളതെന്നും അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്നും മറ്റു ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഭരിക്കുന്ന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ ഒഴികയുള്ള റഫേല്‍ ഇടപെടിന്റെ വിശദ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ ഒക്ടോബര്‍ 29നകം കോടതിയില്‍ ഹാജരാക്കണമെന്ന്് കോടതി ഉത്തരവിട്ടു. അതേസമയം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി അടക്കം മറ്റു എതിര്‍കക്ഷികള്‍ക്കും നോട്ടിസ് അയക്കില്ലെന്ന് കോടതി അറിയിച്ചു.

കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News