‘ദേശേര്‍ കഥ’ പൂട്ടിച്ച ത്രിപുര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; പത്രം നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും

ദില്ലി: ത്രിപുരയിലെ ഇടതുപക്ഷ പുരോഗമന ദിനപത്രമായ ദേശേര്‍ കഥ പൂട്ടിച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.

ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന ദേശേര്‍ കഥയുടെ വാദം പരിഗണിച്ചാണ് ത്രിപുര ഹൈക്കോടതിയുടെ ഇടപെടല്‍.

സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ ലഭ്യമായതോടെ വ്യാഴാഴ്ച മുതല്‍ ദേശേര്‍ കഥ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങും. അധികാര ദുര്‍വിനിയോഗത്തിലൂടെ പത്രം എന്നെന്നേക്കുമായി പൂട്ടിക്കാനുള്ള ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിന് കോടതി ഇടപെടല്‍ കനത്ത തിരിച്ചടിയായി.

ത്രിപുര ഹൈക്കോടതി ചീഫ്ജസ്റ്റിസ് അജോയ് രസ്‌തോഗിയാണ് ബുധനാഴ്ച കേസ് പരിഗണിച്ചത്.

മുതിര്‍ന്ന അഭിഭാഷകനും കൊല്‍ക്കത്ത മുന്‍ മേയറുമായ ബികാഷ് ഭട്ടാചാര്യയാണ് ദേശേര്‍ കഥയ്ക്കായി ഹാജരായത്. സര്‍ക്കാരിന്റേത് രാഷ്ട്രീയ കാരണങ്ങളാലുള്ള പ്രതികാര നടപടിയാണെന്ന് ഭട്ടാചാര്യ കോടതിയില്‍ പറഞ്ഞു.

ഇരുവാദങ്ങളും കേട്ട കോടതി പരിഗണന അര്‍ഹമായ വിഷയമാണിതെന്ന് വ്യക്തമാക്കികൊണ്ട് ഹര്‍ജി സ്വീകരിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലത്തിന് എന്തെങ്കിലും പ്രതിവാദങ്ങള്‍ ആവശ്യമെങ്കില്‍ സമര്‍പ്പിക്കുന്നതിന് ദേശേര്‍ കഥയ്ക്ക് രണ്ടാഴ്ചത്തെ സമയവും നല്‍കി.

പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നിന് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി മരവിപ്പിച്ചു. അന്യായമായി രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ദേശേര്‍ കഥയുടെ പ്രസിദ്ധീകരണം നിലച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here