എല്‍ഡിഎഫ് യോഗം ഇന്ന്; സര്‍ക്കാര്‍ വിരുദ്ധ പ്രചാര വേലകള്‍ക്കെതിരെ പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തേക്കും

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമല സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയമായി ഉപയോഗപെടുത്താന്‍ കോണ്‍ഗ്രസും, ബിജെപിയും തയ്യാറാവുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേലകള്‍ക്കെതിരെയുളള പ്രചരണ തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധിയെ ആദ്യം സ്വാഗതം ചെയ്ത ശേഷം മലക്കം മറിഞ്ഞ കോണ്‍ഗ്രസിന്‍റെയും, ബിജെപിയുടെയും ഇരട്ടമുഖം തുറന്ന് കാണിക്കാനുളള പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നതാണ് ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന്‍റെ മുഖ്യ അജണ്ട.

മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന വിശദീകരണയോഗങ്ങള്‍ അടക്കം എല്‍ഡിഎഫ് ആസൂത്രണം ചെയ്യുന്നുണ്ട്.

മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ സിപിഐ എം സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് സമരരംഗത്തിറക്കുന്നവരുടെ തനിനിറം തുറന്ന് കാണിക്കാന്‍ ധാരണയായിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങളുടെ മുനയോടിക്കും വിധമുളള മറുതന്ത്രമാവും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലുണ്ടാവുക. തിരുവനന്തപുരം എകെജി സെന്‍ററില്‍ രാവിലെയാണ് യോഗം നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here