എമിഗ്രേഷൻ യാത്ര നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ സ്മാർട്ട് ടണൽ യാത്രക്കാർക്ക് തുറന്നുകെടുത്തു. യാത്ര രേഖകളോ ,മനുഷ്യ സഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷൻ യാത്ര- നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കുന്ന അതിനൂതന സ്മാർട്ട് സംവിധാനമാണ്‌ ഇത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( നിർമിത ബുദ്ധി) പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ സംവിധാനമായ ടണൽ ടെർമിനൽ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ഭാഗത്താണ് തുറന്നിരിക്കുന്നത്.

ഇതിന്റെ പരീക്ഷണഘട്ട ഉൽഘാടനം ജിഡിആർ എഫ്എ ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി നിർവഹിച്ചു. സ്മാർട്ട് ടണലിന്റെ ഔദ്യോഗിക ഉൽഘാടനം യുഎഇ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് അൽ മക്തും അടുത്തു തന്നെ നിർവഹിക്കുമെന്ന് അധിക്യതർ വ്യക്തമാക്കി.

പുതിയ സംവിധാനം അനുസരിച്ച് യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടന്നാൽ മതി. ഇതിലെ ബയോമെട്രിക് സംവിധാനം യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച് ക്യത്യത ഉറപ്പുവരുത്തും. ഇത് പ്രകാരം എമിഗ്രേഷൻ യാത്ര നടപടികൾ പൂർത്തിയാക്കാൻ പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി യോ ആവിശ്യമില്ല.

മുഖം തിരിച്ചറിയുന്ന സാങ്കേതികത കൂടി ഉൾപ്പെട്ട സ്മാർട്ട് ടണലുകൾ വഴി 15 സെക്കഡിനകം യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കി പുറത്തെത്താമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു .ആദ്യം കണ്ണ് പരിശോധിക്കണം. അതിനു ശേഷമാണ് ടണലിലൂടെ നടക്കേണ്ടത്.

ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വർഷംതോറും റെക്കോർഡ് വർധനവാണ് ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ കടമ്പകൾക്ക് മുന്നിൽ കൂടുതൽ യാത്രക്കാർ കാത്തിരിക്കാതെ അവരുടെ നടപടികൾ കൂടുതൽ വേഗത്തിലാകാനാണ് സ്മാർട്ട് ടണൽ പോലുള്ള നൂതന സ്മാർട്ട് സംവിധാനങ്ങൾ ലഭ്യമാക്കുന്നതെന്ന് അൽ മറി വ്യക്തമാക്കി.

ഇതിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് അവരുടെ സ്വദേശത്തു ഉപയോഗിക്കാൻ കയ്യിൽ കരുതിയ പാസ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. ആദ്യ തവണ സ്മാർട്ട് സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർ പാസ്‌പോർട്ട് കൗണ്ടറിലിലോ അവിടെയുള്ള കിയോസ്‌ക്കുകളിലോ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

എന്നാൽ സാധാരണ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചു യാത്രചെയ്യുന്നവർക്ക് സ്മാർട്ട് ടണലിലുടെ നടപടികൾ പൂർത്തിയാക്കാം. രണ്ട് കിയോസ്‌ക്കുകളാണ് ഇപ്പോൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മാർട്ട് ടണൽ നടപടികൾക്ക് പ്രധാനമായും ഏഴ് ഘട്ടങ്ങളാണ് ഉള്ളതെന്ന് അധിക്യതർ വ്യക്തമാക്കി.