ലിസ്ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈംഗികാരോപണക്കേസില്‍ വീണ്ടും മറുപടിയുമായി താരത്തിന്റെ അഭിഭാഷകന്‍ രംഗത്ത്.

ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും അഭിഭാഷകന്‍ പീറ്റര്‍ വ്യക്തമാക്കി.

പീറ്ററിന്റെ വാക്കുകള്‍: എല്ലാവരുടേയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. അന്ന് 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും’.


കാതറിന്‍ മയോര്‍ഗയുടെ ആരോപണം ഇങ്ങനെ:

”2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.”

”എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി.”

”പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കി.”-യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ് കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ മറുപടി.