പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നത് സംബന്ധിച്ച് ഉത്തരവായി

പ്രളയക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖ സംബന്ധിച്ചാണ് ഉത്തരവ്.

പരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാൻ കളക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കും.

പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയാണ് തയ്യാറായത്. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കണം.

ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് അവസരം നല്‍കണം. നിബന്ധനപ്രകാരമുള്ള ധനസഹായവും ഇവര്‍ക്ക് നല്‍കണമെന്ന് ഉത്തരവ് നിഷ്കർഷിക്കുന്നു.

അതെസമയം സ്വന്തമായി ഭൂമി വാങ്ങാനാകാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി കണ്ടെത്തണം. സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉപയോഗിക്കാതെയുള്ള ഭൂമി, സര്‍ക്കാര്‍ വകുപ്പുകളുടെ ഏതെങ്കിലും പദ്ധതിക്ക് നീക്കിവെച്ചതില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഭൂമി, ഫലദായകമല്ലാത്ത പ്ലാന്‍േറഷനുകള്‍ തുടങ്ങിയ ഇതിനായി പരിഗണിക്കാം.

സംഭാവനയായി ലഭിക്കുന്ന ഭൂമിയും പരിഗണിക്കണം. ഭവനനിര്‍മാണത്തിന് ആവശ്യമായ വിസ്തൃതിയില്‍ ഭൂമി ലഭ്യമാകുന്ന ഇടങ്ങളില്‍ മൂന്ന് മുതല്‍ അഞ്ചു സെന്റ് വീതം പതിച്ചുനല്‍കി വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കും.

ലഭ്യമാക്കാനാകുന്ന ഭൂമി പരിമിതവും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണം കൂടുതലുമായ ഇടങ്ങളില്‍ ബഹുനില സമുച്ചയങ്ങള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കി ഭൂരഹിതരെ പുനരധിവസിപ്പിക്കണം.

ഭൂമി ലഭ്യമാകാത്ത ഇടങ്ങളില്‍ ഭവനസമുച്ചയത്തിനാവശ്യമായ ഭൂമി വാങ്ങാനുള്ള ചുമതല കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശമോ, വെള്ളപ്പൊക്കസാധ്യതയുള്ളതോ ആയിരിക്കരുത്. ലാന്റ് റവന്യൂ കമ്മീഷണര്‍് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News