കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് മുന്‍സിഫ് കോടതി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നല്‍കിയ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം. ഹര്‍ജിയില്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണകമ്പനിക്കും കോടതി നോട്ടീസ് അയച്ചു.

കേസ് 25ന് വീണ്ടും പരിഗണിക്കും.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ എംടി വാസുദേവന്‍ നായര്‍ തീരുമാനിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എംടി തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആത്മാര്‍ത്ഥത സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് ലഭിച്ചില്ലെന്ന പരാതിയും എംടിക്കുണ്ട്.

നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല.

ഒരു വര്‍ഷം കൂടി സമയം നീട്ടി നല്‍കിയെങ്കിലും സംവിധായകനില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിരക്കഥ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് എംടി നിയമ നടപടികള്‍ ആരംഭിച്ചത്.