മറയൂരില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം; കാട്ടാനക്കൂട്ടം സ്കൂളിന്‍റെ പാചകപ്പുരയും ജനാലകളും തകര്‍ത്തു – Kairalinewsonline.com
Kerala

മറയൂരില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം; കാട്ടാനക്കൂട്ടം സ്കൂളിന്‍റെ പാചകപ്പുരയും ജനാലകളും തകര്‍ത്തു

കൃഷിയിടങ്ങളിലെത്തിയിരുന്ന കാട്ടാനകള്‍ വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിരുന്നത്

മറയൂരില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം. ക‍ഴിഞ്ഞ ദിവസം ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം സ്കൂളിന്‍റെ പാചകപ്പുരയും ജനാലകളും തകര്‍ത്തു. അടിക്കടി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ ഭീതിയിലാണ് പ്രദേശ വാസികള്‍.

കാട്ടാനക്കൂട്ടത്തിന്‍റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ജീവിതം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ് മറയൂര്‍ – കീ‍ഴാന്തൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക്. ക‍ഴിഞ്ഞ ദിവസം വാഗുവര- ചട്ടമൂന്നറില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി സ്കൂളിലെത്തിയ കാട്ടാനകള്‍ പാചകപ്പരയും ജനാലകളും ഉള്‍പ്പെടെ വലിയ നാശമാണ് ഉണ്ടാക്കിയത്.

വൈകിട്ട് ഏ‍ഴ് മണിയോടെ കുഞ്ഞുമായി എത്തിയ ആനകളെ നാട്ടുകാര്‍ ആദ്യം തുരത്തിയോടിച്ചെങ്കിലും മടങ്ങിയെത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ക‍ഴിഞ്ഞ മാസം ഇവിടെ എത്തിയ ആനകള്‍ ക്ലാസ് മുറികളും പാചകപ്പുരയും തകര്‍ത്തിരുന്നു. ഇവ പുനര്‍ നിര്‍മിച്ച ശേഷമാണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് കൃഷിയിടങ്ങളിലെത്തിയിരുന്ന കാട്ടാനകള്‍ വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിരുന്നത്. തുടര്‍ച്ചയായി കാട്ടാന ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ രാത്രി സമയത്തെങ്കിലും വാച്ചര്‍മാരെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

To Top