വീശിയടിച്ച ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുക്കുന്നു; നാളെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

മനാമ: ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുത്തതോടെ ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യെമനിലും ശനിയാഴ്ച മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം.

ദോഫര്‍ ഗവര്‍ണറേറ്റനു 290 കിലോ മീറ്റര്‍ അകലെ അറബിക്കടലില്‍ തെക്കുകിഴക്കായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ചുഴലികാറ്റിന്റെ മധ്യഭാഗത്തിനു മണിക്കൂറില്‍ 119 മുതല്‍ 137 കിലോമീറ്റര്‍ വരെ വേഗമുണ്ട്.

ദോഫര്‍, യെമന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി പടിഞ്ഞാറ്, വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ലുബാന്റെ സഞ്ചാരം. കാറ്റഗറി ഒന്നില്‍ ഉള്ള ചുഴലി അടുത്ത 48 മണിക്കൂറില്‍ കാറ്റ് കൂടുതല്‍ വേഗം കൈവരിച്ച കാറ്റഗറി രണ്ടിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.

നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിംഗ് സെന്ററിന്റെ വ്യാഴാഴ്ച വൈകീട്ടുള്ള കാലാവസ്ഥ ചാര്‍ട്ടുകളും ഉപഗ്രഹ ചിത്രങ്ങളും പ്രകാരം ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതം ശനിയാഴ്ച മുതലാണ് അനുഭവപ്പെടുക. 290 കിലോമീറ്റര്‍ അകലെയാണ് കാറ്റിപ്പോള്‍. വ്യാഴാഴ്ച രാവിലെ സാലാക്ക് 490 കിലോമീറ്റര്‍ അകലൊയിരുന്നു ചുഴലിക്കാറ്റ്.

കാറ്റിനും മഴക്കുമൊപ്പം തിരമാലകള്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പരോക്ഷമായ പ്രത്യഘാതം വ്യാഴാഴ്ച രാത്രിയോടെ അനുഭവിച്ചു തുടങ്ങും.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സലാല തുറമുഖം വ്യാഴാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആഞ്ഞു വീശിയേക്കാവുന്ന ചുഴലിയുടെ ആഘാതം തുറമുഖത്തു കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തുറമുഖ അധികൃതര്‍ അറിയിച്ചു.

ദോഫര്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ രോഗികളെ ഒഴിപ്പിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി സെന്റര്‍ അറിയിച്ചു. ഇവരെ സൈനിക ആശുപത്രികളിലേക്കും മസ്‌കറ്റിലുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

സാധനങ്ങള്‍ ശേഖരിച്ചുവെക്കാന്‍ സര്‍ക്കാര്‍ എല്ലാ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News