കായംകുളം കൊച്ചുണ്ണി അന്തിയുറങ്ങുന്നത് ഇവിടെയാണ്

കായംകുളം കൊച്ചുണ്ണി എന്ന നന്മ നിറഞ്ഞ കള്ളൻ പ്രേക്ഷകരുടെ മനം കവർന്ന് മുന്നേറുമ്പോൾ യഥാർത്ഥ കായംകുളം കൊച്ചുണ്ണി ഇതാ ഇവിടെ അനന്തപുരിയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. തിരുവനന്തപുരം പേട്ട മസ്ജിദിലെ ഖബർസ്ഥാനിലാണ്കായംകുളത്തുകാരുടെ വീരപുത്രനായിരുന്ന കൊച്ചുണ്ണിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

1859 ൽ അന്നത്തെ തിരുവിതാംകൂർ ജയിലിൽ വച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ മരണമെന്ന് ചരിത്ര രേഖകൾ പറയുന്നു. ജയിലിൽ വച്ച് മരിച്ച കൊച്ചുണ്ണിയുടെ മൃതദേഹം തൊട്ടടുത്തുള്ള പള്ളിയായ പേട്ട മസ്ജിദിൽ കൊണ്ടുവന്ന് ഖബറടക്കുകയായിരുന്നുവെന്നാണ് ചരിത്രം.

എന്നാൽ, ഇന്ന് അവിടെ ചെന്നാൽ കൊച്ചുണ്ണിയെ ഓർമ്മപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ല. കൊച്ചുണ്ണിയുടെ ഖബറിനു മുകളിൽ വളർന്ന പനമരം കുറച്ചുവർഷം മുൻപത്തെ ഇടവപ്പാതിയിൽ മറിഞ്ഞുവീണു.  കാർത്തികപ്പള്ളി താലൂക്കിലെ കൊറ്റംകുളങ്ങരയ്ക്കടുത്ത് 1818ലാണ് കൊച്ചുണ്ണി ജനിച്ചത്. കൗമാരവും യൗവനവും ഏവൂരിലായിരുന്നു.

ബാപ്പയുടെ മരണത്തെ തുടർന്ന് നിത്യ ദാരിദ്ര്യത്തിലായ കുടുംബത്തിൽ വിശപ്പകറ്റാനായി പലചരക്കു കടയിൽ ജോലിക്കാരനായെങ്കിലും ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി കൊച്ചുണ്ണിയെ കള്ളനാക്കുകയായിരുന്നു.

ഒരിക്കൽ അധികാരികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കൊച്ചുണ്ണി തന്നെ ചതിച്ച കാമുകിയെയും അവരുടെ സഹായിയെയും കൊന്നു.അതിനു ശേഷവും ഒളിവിൽ തുടരുന്നതിനിടെയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിനായി കൊണ്ടുവന്ന സാളഗ്രാമങ്ങൾ മോഷ്ടിച്ചത്.

ആയില്യം തിരുനാൾ രാമവർമ്മയായിരുന്നു അന്ന് തിരുവിതാംകൂർ മഹാരാജാവ്. സർ.ടി . മാധവറാവു ദിവാനായി ചുമതലയേറ്റ കാലമായിരുന്നു അത്. നിരവധി മോഷണവും രണ്ട് കൊലപാതകവും ഒക്കെയായി കൊച്ചുണ്ണി അധികാരികളുടെ തലവേദനയായി തീർന്നിരുന്നു.

കൊട്ടാരവും പൊലീസുമൊക്കെ അന്വേഷിച്ചിട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഒടുവിൽ അന്നത്തെ വീരനും പോരാളിയുമായ ആറാട്ടുപുഴ വേലായുധ പണിക്കരെ കൊച്ചുണ്ണിയെ കണ്ടുപിടിക്കുക എന്ന ദൗത്യം ഏൽപ്പിച്ചു.

ആൾബലത്തിൽ മുമ്പനായിരുന്ന വേലായുധ പണിക്കർ കൊച്ചുണ്ണിയെ പിടികൂടി ദിവാന്റെ മുന്നിലെത്തിച്ചു. തിരുവിതാംകൂർ രാജാവ് വേലായുധ പണിക്കർക്ക് പട്ടും വളയും നൽകി ആദരിച്ചു. കൊച്ചുണ്ണിയെ ജയിലിലടച്ചു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കിടെ കൊച്ചുണ്ണി ജയിലിൽ വച്ച് മരണമടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here