ഇരുമ്പനത്തും കൊരട്ടിയിലുമായി നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തൃശൂര്‍: കൊരട്ടി കവര്‍ച്ച സംഘത്തില്‍ ഏഴു പേരടങ്ങിയ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മോഷ്ടാക്കള്‍ വേഷം മാറി പോകുന്ന ദൃശ്യങ്ങള്‍ പീപ്പിളിന് ലഭിച്ചു.

ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ചാലക്കുടിയില്‍ നിന്നും ഗുരുവായൂര്‍ പാസഞ്ചറില്‍ തൃശൂര്‍ എത്തിയ സംഘം അവിടുന്ന് ധന്‍പാല്‍ എക്‌സ്പ്രസില്‍ കടന്നു എന്നാണ് സംശയമെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ച സംഘം ചാലക്കുടിയില്‍ ഉപേക്ഷിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.


കൊച്ചി:
ഇരുമ്പനത്തെ എടിഎം കവര്‍ച്ച സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായി നിഗമനം. ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കള്‍ കേരളം വിട്ടതായും പൊലീസ് സംശയിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കും. വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിനകത്തും പുറത്തുമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കവര്‍ച്ച നടത്തിയ രീതി കണക്കിലെടുത്ത് വിദഗ്ധരായ പ്രൊഫണല്‍ സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ മൂന്നു പേരാണ് 4 മണിക്കൂറിനുള്ളില്‍ മൂന്ന് ജില്ലകളിലായി അഞ്ച് എടിഎമ്മുകളില്‍ മോഷണം നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ആസൂത്രിതമായി കൃത്യം നടപ്പാക്കാന്‍ ഇവര്‍ക്ക് തനിച്ച് കഴിയില്ലെന്ന വിലയിരുത്തലാണ് ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായുള്ള സംശയം ബലപ്പെടുത്തുന്നത്. കോട്ടയത്തു നിന്നും മോഷ്ടിച്ച വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കവര്‍ച്ചക്കു ശേഷം വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.

ട്രെയിനിലൊ ബസിലൊ കടന്നുകളഞ്ഞിരിക്കാമെന്നാണ് പോലീസ് നിഗമനം. ടവറുകള്‍ കേന്ദ്രീകരിച്ച് ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിച്ച് വരികയാണെന്ന് കൊച്ചിയില്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിപി ഷംസ് പറഞ്ഞു.

ഇതര സംസ്ഥാനക്കാരായതുകൊണ്ട് ഇവര്‍ കേരളം വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.