സുന്നി പളളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിപി സുഹ്‌റ. പുരോഗമന സംഘടനയായ നിസയുടെ നേതൃത്വത്തില്‍ ഈ മാസം 22 ന് ഹര്‍ജി നല്‍കും.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാവും ലിംഗ സമത്വത്തിനായുളള നിയമപോരാട്ടമെന്നും വിപി സുഹ്‌റ പീപ്പിളിനോട് പറഞ്ഞു.

ഇസ്ലാം മത വിശ്വാസികളുടെ പുണ്യസ്ഥലമായ മക്കയില്‍ ഇല്ലാത്ത വിവേചനമാണ് സുന്നി പളളികളില്‍ നിലനില്‍ക്കുന്നതെന്ന് വിപി സുഹ്‌റ പറയുന്നു.

ഇത് ഭരണഘടനാ വിരുദ്ധവും പുരുഷാധിപത്യവുമാണ് കാണിക്കുന്നത്. സ്ത്രീ – പുരുഷ വിവേചനമില്ലാതെ സുന്നി പളളികളില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അവസരമുണ്ടാകണം.

ഇതിനായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ശബരിമല പ്രവേശനത്തില്‍ വന്ന ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടി, ഈ മാസം 22 ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വി പി സുഹ്‌റ പീപ്പിളിനോട് പറഞ്ഞു.

മുജാഹിദ്, ജമാ -അത്ത് വിഭാഗങ്ങളുടെ പളളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുവാദമുണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യക സൗകര്യമാണുളളത്. സ്ത്രീ പ്രവേശന വിഷയത്തിലുളള നിയമപോരാട്ടത്തില്‍ സമാന ചിന്താഗതിക്കാരുടെ പിന്തുണയും വി പി സുഹ്‌റ പ്രതീക്ഷിക്കുന്നു.