കൊല്ലം: ‘മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്, വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം…’

ദിവസങ്ങള്‍ക്ക് മുമ്പ് ശൂരനാട് റോഡരികില്‍ തൂങ്ങിമരിച്ച നിഖില്‍ എന്ന 22കാരന്‍ ജീവനൊടുക്കും മുമ്പ് ചുവരില്‍ കോറിയിട്ട വരികളാണിത്. വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് നിഖില്‍ കാമുകിയുടെ വീടിന് മുന്നില്‍ ജീവനൊടുക്കിയത്.

ഒക്ടോബര്‍ പത്ത് ബുധനാഴ്ച രാവിലെയാണ് ശൂരനാട് വടക്ക് നടുവിലേമുറി പൈങ്കുളത്തിന്റെ വടക്കതില്‍ ശശീന്ദ്രന്റെ മകന്‍ നിഖിലിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് നിഖില്‍ ജീവനൊടുക്കിയതെന്ന് സമീപത്തെ ചുവരിലെ ആത്മഹത്യാക്കുറിപ്പില്‍നിന്ന് പൊലീസിന് വ്യക്തമായിരുന്നു.

കൊലപാതകം അല്ല ആത്മഹത്യ എന്നു തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ഇങ്ങനെ, ”വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം, മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ. സ്‌നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല. ഇഷ്ടമാണ് ഒരുപാട്”.

ഈ ശാപം നീ എങ്ങനെ കളയുമെന്നും, എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും നിഖില്‍ ചുവരില്‍ എഴുതിയിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട നിഖിലും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നും,എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ശൂരനാട് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അതിനിടെ, നിഖിലിന്റെ ആത്മഹത്യാക്കുറിപ്പും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു.