സമ്പുഷ്ട കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി; കേരളത്തിന് ശക്തി പകരുന്നതാണ് കേന്ദ്ര ബഹുമതിയെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയായ സമ്പുഷ്ട കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി.

ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഈ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തിയതിനാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ബഹുമതിയും മെഡലും നല്‍കിയത്.

പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളം ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് ശക്തി പകരുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് അധിക ലക്ഷ്യങ്ങള്‍ കൂടി നടപ്പിലാക്കി വരുന്നു. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഈ ജില്ലകളിലെ 8534 അങ്കന്‍വാടികളിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണ്. ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, സിവില്‍ സപ്ലൈസ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നത്.

ഇനുസരിച്ച് എല്ലാ അംഗന്‍വാടികളിലേയും അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴിയാണ് വര്‍ക്കര്‍ നല്‍കുന്നത്.

കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് ലഭ്യമാക്കുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുത്ത് അതാതു ദിവസം ക്രമാനുഗതമായി കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്യുന്നു.

ജനനം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കം ഇല്ലായ്മ തടയുകയും കുറയ്ക്കുകയും ചെയ്യുക, ജനനം മുതല്‍ 6 വയസ്സുവരെയുളള കുട്ടികളിലെ പോഷണക്കുറവ് (തൂക്കക്കുറവ്) തടയുകയും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, 15 വയസ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരപ്രായക്കാരിലും ഉള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, ജനനതൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്പുഷ്ട കേരളം നടപ്പാക്കുന്നത്.

മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4% കുറയ്ക്കുക എന്നിവയും സമ്പുഷ്ട കേരളം ലക്ഷ്യം വയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News