‘അമ്മ’ പ്രത്യേക ജനറൽ ബോഡി നവം. 24ന‌്; ദിലീപിന്റെ രാജിയും ഡബ്ല്യുസിസിയുടെ കത്തും ചർച്ചയാകും

താരസംഘടന നേതൃത്വത്തിനും എക‌്‌‌‌സിക്യൂട്ടിവ‌് അംഗങ്ങൾക്കെതിരെയുള്ള സിനിമയിലെ സ‌്ത്രീ കൂട്ടായ‌്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ‌്ചാത്തലത്തിൽ എഎംഎംഎയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌് ചേരും.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട‌് ഡബ്ല്യൂസിസി അംഗങ്ങൾ നൽകിയ കത്തും നദിലീപിന്റെ രാജിയും അന്ന‌് ചർച്ച ചെയ്യുമെന്നാണ‌് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന‌് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരു ജനറൽബോഡിയെടുത്ത തീരുമാനം തിരുത്താൻ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിക്ക‌് അധികാരമില്ലെന്ന‌് ഇടവേള ബാബു പറഞ്ഞു. അത‌് തിരുത്തണമെങ്കിൽ അടുത്ത ജനറൽബോഡിയിലാണ‌് സാധിക്കുക. എല്ലാവർക്കും പറയാനുള്ളത‌് പറയട്ടെ, സംഘടന ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന‌് ശനിയാഴ‌്ചത്തെ ഡബ്ല്യൂസിസി വാർത്താസമ്മേളനത്തെ സൂചിപ്പിച്ച‌് അദ്ദേഹം പറഞ്ഞു.

ദിലീപിനെ പുറത്താക്കണമെന്ന കത്ത‌് ജനറൽ ബോഡിയിലാകും ചർച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച‌് പോകാനാണ‌് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ ബോഡിയാണ‌് ഡബ്ല്യുസിസിയുടെ കടുത്ത വിമർശനങ്ങള‌ുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചേരുന്നത‌്.

നടിയെ ആക്രമിച്ച‌് അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായതിനെത്തുടർന്ന‌ാണ‌് 2017 ജൂലൈ 11ന‌് ദിലീപിനെ എഎംഎംഎയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വാക്കാൽ പുറത്താക്കുന്നത‌്. നടൻ മമ്മുട്ടിയുടെ വീട്ടിൽ ചേർന്ന അവയിലബിൾ എക‌്സിക്യൂട്ടീവ‌് യോഗം ചേർന്നാണ‌് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെതിരെ നടപടിയെടുത്തത‌്.

2018 ജൂൺ 24 ചേർന്ന എഎംഎംഎ ജനറൽ ബോഡിയിലാണ‌് ദിലീപിനെ തിരിച്ചെടുത്തത‌്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. നടി ഉൗർമിള ഉണ്ണിയായിരുന്നു ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത‌്. ദിലിപിനെ തിരിച്ചെടുക്കുന്നത‌് സംബന്ധിച്ച‌് ആരും യോഗത്തിൽ എതിർ അഭിപ്രായം പറഞ്ഞില്ലെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയത‌്.

ഇതിനെതിരെയും വനിത കൂട്ടായ‌്മ കടുത്ത പ്രതിഷേധവുമായി രംഗത്ത‌് വന്നു. ആക്രമിക്കപ്പെട്ട നടി തിരശീലയ‌്ക്ക‌് പിന്നിലാവുകയും നടൻ സ്വതന്ത്രമായി നടക്കുന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെയുള്ളവർക്ക‌് വനിത കൂട്ടായ‌്മ പരാതി നൽകി. തുടർന്ന‌് ജൂലൈ 9ന‌് നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിന് സംഘടനയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മോഹന്‍ലാലിനായില്ല.

കഴിഞ്ഞ 10ന‌് താരസംഘടനയിൽ നിന്നും ദിലീപ‌് രാജിവച്ചതായാണ‌് സൂചന. എഎംഎംഎ പ്രസിഡന്റ‌് മോഹൻലാലിനോട‌ാണ‌് രാജിക്കാര്യം അറിയിച്ചതെന്നാണ‌് വിവരം. എന്നാൽ ഇത‌് സ്ഥിരീകരിക്കാൻ ഇടവേള ബാബു തയ്യാറായില്ല.

രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുൾപ്പെടെ എല്ലാ വിവരങ്ങളും ജനറൽബോഡിയിൽ ചർച്ചയ‌്ക്ക‌് വരുമെന്ന സൂചനയും നൽകി. മന്ത്രിമാരായ മെഴ‌്സിക്കുട്ടിയമ്മയും എ കെ ബാലനും ഇക്കാര്യത്തിൽ പരിഹാരമുണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here